2015, ജനുവരി 17, ശനിയാഴ്‌ച

സമ്മാനം
എനിക്ക് ആദ്യമായിഒരു  സമ്മാനം കിട്ടിയത് 1958 -59 അദ്ധ്യയന വർഷത്തിലാണ് ഞാനന്ന് ഫോർത്ത് ഫോമിൽ പഠിക്കുന്നു(അന്നത്തെ 9 ഇന്നത്തെ 8 ആം ക്ലാസ്സ് ) .ഒന്നല്ല നാലു സമ്മാനങ്ങൾ .മാവേലിക്കര ഗവണ്മെന്റ് ഹൈ സ്കൂൾ അങ്കണത്തിൽ വെച്ച് പെയ്യാനോങ്ങി നില്ക്കുന്ന തുലാവർഷത്തിന്റെ കാറും കോളും ഇടിമിന്നലുമുള്ള ഒരു വൈകുന്നേരമായിരുന്നു അത് .തൊട്ടു തലേ വർഷം സ്കൂൾ വിദ്യാർഥി കൾക്കു വേണ്ടി മാവേലിക്കര എൻ  ഇ എസ് ബ്ലോക്ക് നടത്തിയ ഉപന്യാസ പ്രസംഗ മത്സരങ്ങളിൽ ഉപന്യാസത്തിന് സ്കൂൾ തലത്തിലും ബ്ലോക്ക് തലത്തിലും ഒന്നാം സമ്മാനവും പ്രസഗത്തിന്  രണ്ടു തലത്തിലും രണ്ടാം സമ്മാനവും എനിക്കായിരുന്നു .ബ്ലോക്ക് തലത്തിലെ വിധി നിർണ്ണയം കഴിഞ്ഞപ്പോഴേക്കും ഞാൻ പള്ളിക്കൽ ഈസ്റ്റ് സെന്റ്‌ ജോണ്‍സ് യു പി എസിൽ നിന്നും കുറത്തികാട് എൻ എസ്  എസ് ഹൈ സ്കുളി ലേക്കു മാറിക്കഴിഞ്ഞിരുന്നു .
     സി അച്യുത മേനോൻ  വിവർത്തനം ചെയ്ത എഛ്  ജി വെൽസിന്റെ ലോക ചരിത്ര സംഗ്രഹം ,സർദാർ കെ എം പണിക്കരുടെ ഇന്ത്യ ചരിത്രാവലോകനത്തിനു നാലാങ്കൽ എഴുതിയ പരിഭാഷ ,ചെമ്മീൻ ,റയിറ്റ് സഹോദരന്മാരുടെ റെ യ്നോൾഡ്സ് ജീവചരിത്രത്തിന്റെ തർജ്ജുമ ഇവയായിരുന്നു സമ്മാനമായി കിട്ടിയ പുസ്തകങ്ങൾ .എന്റെ പില്ക്കാല ജീവിതത്തെയും വായനയേയും  ഈ പുസ്തകങ്ങൾവളരെ അധികം സ്വാധീനിച്ചിട്ടുണ്ട് .എങ്കിലും ആദ്യ സമ്മാന ലബ്ധിയുടെ നിമിഷം ഗൃഹാതുര സ്മരണകളൊന്നും അവശെഷിപ്പിച്ചിട്ടില്ല.
 എന്റെ വിദ്യാർഥി ജീവിതകാലത്ത്   എനിക്ക് പിന്നീടും ഉപന്യാസത്തിനും പ്രസംഗത്തിനുമൊക്കെ സമ്മാനം കിട്ടിയിട്ടുണ്ട് . അവയൊന്നും പക്ഷേ എന്റെ ഓർമ്മയിലില്ല ഒന്നൊഴികെ .1964 ഇൽ യൂണി വെഴ്സിറ്റി കോളേജ് വിദ്യാർഥിയായിരിക്കെ മലയാളം ഉപന്യാസത്തിനു ലഭിച്ച രണ്ടാം സമ്മാനം ഓർമ്മയിൽ ഇന്നും പച്ച പിടിച്ചു നില്ക്കുന്നു .കാരണമുണ്ട്.ആ സമ്മാനം തന്നത്   ഓ എൻ വി കുറുപ്പായിരുന്നു .അന്നത്തെ യുവകവികളിൽ ഏറ്റവും പ്രശസ്തനായിരുന്നു ഓ എൻ വി എന്നതായിരുന്നില്ല എന്നെ സംബന്ധിച്ചിടത്തോളം പ്രധാനം.ഓ എൻ വി സാർ എന്റെ അഭിവന്ദ്യ ഗുരുനാഥനായിരുന്നു .വാത്സല്യ നിധിയായ ഗുരു നാഥൻ .അദ്ദേഹത്തിൽ നിന്നൊരു സമ്മാനം ,അതെന്നെ അത്യധികം ആഹ്ലാദിപ്പിക്കുകയും അഭിമാന പൂരിതനാക്കുകയും ചെയ്തു .
     പിന്നീടു ഞാൻ ഒരു മത്സരത്തിലും പങ്കെടുത്തിട്ടില്ല .അതു കൊണ്ടു തന്നെ സമ്മാനങ്ങളൊന്നും കിട്ടിയിട്ടുമില്ല .ജീവിതം തന്നെ ഒരു മത്സരം ,കൃത്യമായി പറഞ്ഞാൽ മത്സരങ്ങളുടെ ഒരു പരമ്പര ആണല്ലോ .ആ മൽസരത്തിലൊക്കെ മറ്റുള്ളവർ ജയിച്ചു കൊള്ളട്ടെ എന്നൊരു മനോഭാവമായിരുന്നു എനിക്ക് .തോല്ക്കാനും ആരെങ്കിലുമൊക്കെ വേണ്ടേ ?
    അരനൂറ്റാണ്ടിനു ശേഷം 2015 ജനുവരി 3 ആം തീയതി ഞാൻ വീണ്ടും സമ്മാനിതനായിരിക്കുന്നു;എറണാകുളം വൈറ്റിലയിൽ നടന്ന വാസ്തവം എഫ് ബി ഗ്രൂപ് മീറ്റിൽ വെച്ച് .64  ഇൽ യുനിവേഴ്സിറ്റി കോളേജ് ആഡി റ്റോ റി യത്തിൽ വെച്ച് അനുഭവപ്പെട്ടതു പോലെയോ ഒരു പക്ഷേ അതിലധികമോ അഭിമാനവും  ആഹ്ലാദവും  എനിക്കുണ്ടായി ഈ അവസരത്തിൽ .അന്ന് സ്നേഹ സമ്പന്നനും വാത്സല്യ നിധിയുമായ ഒരു ഗുരുനാഥ നാണു സമ്മാനം തന്നതെങ്കിൽ ഇവിടെ എന്നോട് കലവറയില്ലാത്ത സ്നേഹവും ആദരവും മനസ്സിൽ സൂക്ഷിക്കുന്ന ഒരു കൂട്ടം ചെറുപ്പക്കാർക്കു വേണ്ടി അവരിലൊരാളാണ് എന്നെ പൊന്നാട അണിയിച്ചതും ഫലകം സമ്മാനിച്ചതും .ചില സവിശേഷ വ്യക്തിത്വങ്ങളുടെചടങ്ങിലെ  സാന്നിധ്യം ഈ സമ്മാനത്തിനു ഇരട്ടി മധുരം നല്കുന്നു .തൊട്ടടുത്തു നിന്നത് എം വി ബെന്നി .ഒരു പാട് എഴുത്തുകാരെ സൃഷ്ടിച്ചിട്ടുള്ള പത്രാധിപരും സാഹിത്യ പ്രവർത്തകനും എഴുത്തുകാരനും .ഞാൻ എന്നോ ഉപേക്ഷിച്ച എഴുത്തിലേക്ക് എന്നെ നിര്ബന്ധിച്ച് തിരികെ കൊണ്ടു വന്നവരിൽ പ്രമുഖൻ .അതിനടുത്ത് സാക്ഷാൽ കെ ആർ മീര .മലയാള സാഹിത്യത്തെ വിശ്വ സാഹിത്യത്തോട് അടുപ്പിച്ച നോവൽ രചയിതാവെന്നു മറ്റൊരു പ്രമുഖ നോവലിസ്റ്റ് വിശേഷിപ്പിച്ച എഴുത്തുകാരി.പുതിയ എഴുത്തു കാരി ലെ എന്റെ ഏറ്റവും അടുത്ത സുഹൃത്ത് .പിന്നെ ഇന്നത്തെ ഏറ്റവും പ്ര ശസ്ത  ഗാന രചയിതാവ് കൂടിയായ പ്രമുഖ കവി ഇഞ്ചക്കാട് ബാലചന്ദ്രൻ .എഫ് ബിയിലൂടെ പരിചയ പ്പെട്ടതിനു ശേഷം കിട്ടിയ ആദ്യ അവസരത്തിൽ തന്നെ എറണാ കുളത്ത് എന്നെ തേടി വരികയും എന്റെ പുസ്തകത്തെ ക്കുറിച്ച് സ്വന്തം നാട്ടിൽ ചര്ച്ച സംഘടിപ്പിക്കുകയും ചെയ്ത സ്നേഹിതൻ .സി എൻ കുമാർ എന്ന നന്ദൻ ശ്രദ്ധേയനായ കവി .എഫ് ബി യിലും പുറത്തും പ്രിയപ്പെട്ട കൂട്ടുകാരൻ .കരീം ഭായി എന്നു ഞാൻ വിളിക്കുന്ന എം കെ കരീം ,പ്രണയത്തെ ക്കുറിച്ച് എഴുതിയാലും എഴുതിയാലും മതി വരാത്ത നോവലിസ്റ്റ് ,എന്നേ യും ഈ മീറ്റിംഗ് സംഘടിപ്പിച്ചവരിൽ മിക്കവരേയും ഓണ്‍ ലൈൻ സാഹിത്യ രചനയിലേക്ക് ആനയിച്ച്ചവരിൽ ഒരാൾ .അദ്ധ്യക്ഷനായി വാസ്തവം അഡ്മിൻ ലെ അശൊക് ,സമ്മാനവുമായി പ്രശാന്ത് അതിനു പിന്നിലായി ഷാജി ,മനോജ് പൊങ്കുന്നം ,മനോജ് ഗോപാല കൃഷ്ണൻ ,ഇർഷാദ് തുടങ്ങിയ വാസ്തവം ഭരണാധികാരികൾ സദസ്സിൽ നേരിട്ടു പരിചയപ്പെട്ടിട്ടുള്ളവരും ഇനി പരിചയ പ്പെടാനിരിക്കുന്നവരുമായ സുഹൃത്തുക്കൾ ഓണ്‍ ലൈനിൽ ചടങ്ങു വീക്ഷിക്കുന്ന പ്രവാസി സ്നേഹിതർ .ഇവരുടെയൊക്കെ സാന്നിദ്ധ്യം ഈ നിമിഷത്തെ അമ്പതു കൊല്ലത്തെ ആ ധന്യ മുഹൂർത്ത ത്തെക്കാളധികം ആഹ്ലാദ കാരിയാക്കുന്നു .
     നന്ദി എല്ലാ പ്രിയപ്പെട്ടവർക്കും ഓർക്കാപ്പുറത്ത് ഒരു സമ്മാനമൊരുക്കി കാത്തുനിന്ന കാലത്തിനും :"നിന്റെ സമ്മാനത്തിനർഹനായ് തോറ്റു 
                     ഞാനെ ങ്കിലുമെത്ര മധുരമാ തോൽവിയും"(ഓ  എൻ  വി -താമരവിത്ത് )

    

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ