2016, ഏപ്രിൽ 18, തിങ്കളാഴ്‌ച

റിവർ സൈഡ് 17-4-2016
 ഏഷ്യാനെറ്റ് ന്യൂസിൽ ഒരു ചർച്ചയുണ്ടായിരുന്നു രാവിലെ .ഇന്ത്യയിൽ വൈകുന്നേരം . പുതിയ സാങ്കേതിക വിദ്യയും ഒറ്റവരി മുദ്രാവാക്യങ്ങളും തെരഞ്ഞെടുപ്പു പ്രചാരണത്തിൽ മുഖ്യ സ്ഥാനം നേടുന്നതിനെക്കുറിച്ചായിരുന്നു .ചര്ച്ച നടക്കട്ടെ .ഇക്കാര്യങ്ങളിലെന്തെങ്കിലും പുതുമയുണ്ടോ എന്നു നോക്കാം .
    പണ്ട് എന്നു വച്ചാൽ പൗരാണിക കാലത്തു തന്നെ വൺ ലൈനറുകൾ ജനത്തെ ആവേശം കൊള്ളിച്ചിട്ടുണ്ട് .'കർമ്മണ്യേ വാധികാരസ്ഥേ ..' ;നിന്നെപ്പോലെ നിന്റെ അയൽക്കാരനെയും സ്നേഹിക്കുക ' ഇവയൊക്കെ ഉദാഹരണങ്ങൾ .കൂടുതൽ സമീപ കാലത്ത് വന്ന 'ഇങ്ക്വിലാബ് സിന്ദാബാദ് 'വന്ദേ മാതരം ''ക്വിറ്റ്‌ ഇന്ത്യ ' 'ദില്ലി ചലോ ' എന്നീ  ദ്വക്ഷരികൾ സൃഷ്ടിച്ച പ്രത്യാഘാതങ്ങൾ എടുത്തു പറയേണ്ട കാര്യമില്ലല്ലോ .സ്വാതന്ത്ര്യത്തിനു ശേഷം വന്ന 'ജയ്‌ ജവാൻ ജയ്‌ കിസാൻ ' ഗരീബി ഹഠാവോ ' ഇവയൊന്നും തെരഞ്ഞെടുപ്പു പ്രചാരണ മുദ്രാവാക്യങ്ങളായിരുന്നില്ല .പക്ഷേ 'പുരോഗതിക്ക് ഒരു കൈ സഹായം ' കൈപ്പത്തി ചിഹ്നത്തിനു താഴെയാണു പ്രത്യക്ഷ പ്പെട്ടിരുന്നത് .
     രാഷ്ട്രീയ പാർട്ടികൾ സാങ്കേതിക വിദ്യയെ ആശ്രയിക്കുന്നു വന്നതാണ് മറ്റൊരു പ്രശ്നമായി ചൂണ്ടിക്കാണിക്ക പ്പെടുന്നുണ്ട് .അതും പുതിയ കാര്യമൊന്നുമല്ല .മണ്ണണ്ണ പാട്ട വളച്ച് കോളാമ്പി യുണ്ടാക്കുന്നത് ഗ്രാമത്തിലെ സാങ്കേതിക വിദഗ്ധനായ കൊല്ല പ്പണിക്കാരനായിരുന്നു എല്ലാ പാർട്ടിക്കാർക്കും വേണ്ടി .പിന്നീട് മൈക്ക് സെറ്റുകാർ .ലഭ്യമായ സാങ്കേതിക സൌകര്യങ്ങൾ എന്നും രാഷ്ട്രീയക്കാർ ഉപയോഗപ്പെടുത്തിയിട്ടുണ്ട് .
   ഇതൊന്നും പക്ഷേ ജന വിധിയെ  ബാധിക്കുകയില്ല .നമ്മൾ സാധാരണ ജനം പഴയ ശങ്കരമംഗലം മജിസ്ട്രേട്ടിനെ പോലെയാണ് .തന്റെ മുമ്പിൽ ലാപ്പോയിന്റുകൾ നിരത്തിയ സാക്ഷാൽ മള്ളൂരിനോട് ശങ്കരമംഗലം മജിസ്റ്റ്രേട്ട് പറഞ്ഞു :"ഗോവിന്ദപ്പിള്ള എങ്ങിനെയൊക്കെ വാദിച്ചാലും എത്ര ഉണ്ട വിഴുങ്ങിയാലും ഞാൻ നേരത്തേ ഒന്നു നിശ്ചയിച്ചിട്ടുണ്ട് ;അതേ വിധിക്കൂ "എന്ന് .നമ്മൾ കാലാകാലങ്ങളിൽ വിരലിൽ മഷി പുരട്ടുന്ന സാധാരണ ജനത്തിന്റെ വിധി പ്രസ്താവവും അങ്ങിനെ തന്നെ അല്ലേ ?


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ