2017, മേയ് 8, തിങ്കളാഴ്‌ച

സുഹൃത്തേ
ചിരസ്ഥായിയായ സൗഹൃദം എന്നത് ഒരു മിഥ്യയാണ് .അയാഥാർത്ഥമെന്നറിഞ്ഞുകൊണ്ട് നമ്മൾ വിശ്വസിക്കുന്നതായി ഭാവിക്കുന്ന ഒരു വലിയ കള്ളം .ആലോചിച്ചു നോക്കു ഇരുപതു വര്ഷം മുമ്പ് ഒരിക്കലും പിരിയുകയില്ലെന്നു നാം കരുതിയിരുന്ന കൂട്ടുകാരെക്ക റിച്ച് .അവരിൽ എത്ര പേർ ഇപ്പോൾ കൂടെയുണ്ട് ?പോട്ടെ എത്ര പേരുടെ മേല്വിലാസമോ ഫോൺ നമ്പറോ കയ്യിലുണ്ട് ?
      ,അറുപതുകളുടെ അവസാനം , പിജി കാലത്ത് എനിക്ക് രണ്ട് ആത്മസുഹൃത്തുക്കളുണ്ടായിരുന്നു .ഒന്ന് ആലപ്പുഴ ബീച്ചിനടുത്തു താമസിച്ചിരുന്ന ബാബു ;ഏഴു പെൺകുട്ടികളുടെ മൂത്ത സഹോദരൻ ഒരു പെങ്ങളുടെ കല്യാണം കഴിഞ്ഞു .പാസ്സായി ജോലി നേടിയിട്ട് മറ്റു പെങ്ങന്മാരെ കല്യാണം കഴിച്ചയക്കണം ;നല്ല വീട് വെക്കണം.അതായിരുന്നു അയാളുടെ ജീവിത ലക്‌ഷ്യം . അഭ്യസ്ഥ വിദ്യരുടെ തൊഴിലില്ലായ്മ ഏറ്റവും  രൂക്ഷമായിരുന്ന കാലം .എനിക്കും എന്റേതായ പ്രശ്നങ്ങളും പ്രത്യാശകളുമൊക്കെയുണ്ടായിരുന്നു .ഏതാണ്ട് എല്ലാ ദിവസവും വൈകുന്നേരം ആലപ്പുഴ കടപ്പുറത്തിരുന്ന് ഞങ്ങൾ ഞങ്ങളുടെ ഉത്കണ്ഠകളും സ്വപ്നങ്ങളും പങ്കുവെച്ചു .നുരകളുടെ വെളുപ്പുകലർന്ന മുന്നിരുട്ട്  ചക്രവാളത്തോളം വ്യാപിച്ചു കിടക്കുന്നത് ഭയജനകവും അതേസമയം സുന്ദരവുമായ കാഴ്ചയായിരുന്നു .കൂടെ അസ്വസ്ഥത ജനിപ്പിക്കുന്ന കടലിരമ്പം..ആ അന്തരീക്ഷം ഞാൻ ഇപ്പോഴും ഓർക്കുന്നു  ;പക്ഷെ കൂട്ടുകാരനെ മറന്നു .രണ്ടു മൂന്നു വര്ഷം മുമ്പ് ഏറ്റവും നല്ല നടിക്കുള്ള ദേശീയ അവാർഡ് ഒരു തമിഴ് നടിക്കാണെന്നും  അവർ ഒരു മലയാള സിനിമാ സംവിധായകന്റെ മകളാണെന്നും വാർത്ത കേട്ടപ്പോഴാണ് എനിക്ക് ബാബുവിനെ ഓർമ്മ വന്നത്  ;ബാബുവിന്റെ സഹോദരിയെ കല്യാണം കഴിച്ചിരിക്കുന്നത് ആ ഡയറക്ടർ ആണെന്നെനിക്കറിയാമായിരുന്നു .എന്റെ സഹപാഠിയുടെ അന ന്തരവൾക്കാണ് ഉർവശി അവാർഡെന്ന് ഞാൻ പ്രഖ്യാപനം നടത്തി .പക്ഷേ അപ്പോഴും ബാബുവിന്റെ വിവരങ്ങളൊന്നും ഞാൻ അന്വേഷിച്ചില്ല .അയാൾ എവിടെയാണെന്ന് ഇപ്പോഴും എനിക്കറിഞ്ഞു കൂടാ.
          ഒരു പെൺകുട്ടിയായിരുന്നു മറ്റേ ആത്മ സുഹൃത്ത് .ഞങ്ങൾ സ്വർണ്ണം എന്നു വിളിച്ചിരുന്ന സുവർണ്ണകുമാരി .താഴ്ന്ന ഇടത്തരക്കാരായ നായർ കുട്ടികൾ എന്നതായിരുന്നു ഞങ്ങളുടെ സമാനത .ഇടവേളകളിൽ ഞങ്ങളുടെ ബുദ്ധി മുട്ടുകളെ ക്കുറിച്ച് ഞങ്ങൾ സംസാരിച്ചു .അങ്ങിനെയാണ് ഞങ്ങളുടെ സൗഹൃദം ഉടലെടുത്തതും വളർന്നതും .പൈക്കിടാ കോളേജ് പ്രണയങ്ങളുടെ ദ്രവസ്രവങ്ങളില്ലാത്ത ഊഷ്മളമായ സ്നേഹ ബന്ധമായിരുന്നു ഞങ്ങളുടേത് .സഹപാഠികളും സുഹൃത്തുക്കളും അത് ആ നിലയിൽ തന്നെ കാണുകയും ചെയ്തു .
   സ്വർണ്ണത്തിന് ഒരു ലോക്കൽ ബാങ്കിൽ അകൗണ്ടൻറ് ആയി ജോലി കിട്ടി .ലോക്കൽ ബാങ്ക് ഒരു വലിയ ബാങ്കിൽ ലയിച്ചു .ആ ബാങ്ക് ദേശവത്കരിക്കപ്പെട്ടു .എന്തായാലും അഞ്ചാറു മാസത്തിനുള്ളിൽ സ്വർണ്ണം ഒരു മുൻ നിര ബാങ്കിലെ ഓഫീസർ പദവിയിലെത്തി .ഒരെഞ്ചിനീയറെ കല്യാണം കഴിച്ചു .അദ്ദേഹം ജോലി രാജിവെച്ചു സ്വന്തം ബിസിനസ് തുടങ്ങി .അവർ വളരെ വേഗം സമ്പന്നരായി .മഹാലക്ഷ്മി വീട്ടിൽ വന്നു കയറുക എന്നൊക്കെ കേട്ടിട്ടില്ലേ .അതു പോലെ .
       കാലം ;അപ്രതിഹതവും അപ്രതിരോദ്ധ്യവുമായ കാലം .ഒരു നൂറ്റാണ്ട് അല്ല ഒരു സഹസ്രാബ്ദം തന്നെ കടന്നു പോയി .യുഗസംക്രമത്തിന്റെ ഒരു വൃശ്ചിക പുലരിയിൽ ഞങ്ങൾ ,ഞാനും ഭാര്യയും ചോറ്റാനിക്കര അമ്പലത്തിലെത്തി .അപ്പോഴേക്കും വളരെ നീണ്ടു കഴിഞ്ഞിരുന്ന ക്യൂ വിന്റെ പിന്നറ്റത്തു പോയി നിന്നു ഭാര്യ .ഞാൻ നിത്യാനന്ദകരിയും നിതാന്തഭയകരിയുമായ അമ്മയെ അന്നപൂർണ്ണേശ്വരിയെ ധ്യാനിച്ച് നടപ്പന്തലിന്റെ കോണിലും .ഒരു കുഞ്ഞിന്റെ തുലാഭാരം നടക്കുന്നു .'അമ്മ അനുഗ്രഹിക്കട്ടെ .എല്ലാവര്ക്കും നല്ലതുവരട്ടെ .
    ആരോ പിന്നിൽ നിന്ന് പേര് വിളിച്ചു .നോക്കിയപ്പോൾ സുവർണ്ണകുമാരി,നമ്മുടെ സ്വർണ്ണം തന്നെ. കാലം അവരുടെ മധുരിക്കുന്ന ചിരിയിലോ മണിയൊച്ച പോലുള്ള ശബ്ദത്തിലോ ഒരു മാറ്റവും വരുത്തിയിട്ടില്ല .ഒട്ടും പുറം പകിട്ടില്ലാത്ത പക്ഷെ വില കൂടിയ കൈത്തറി വസ്ത്രങ്ങൾ ,കറാൾക്കടയിലോ കുത്താമ്പുള്ളിയിലോ പറഞ്ഞു ചെയ്യിച്ചതാവണം .മുല്ലപ്പൂവിന്റെ സുഗന്ധം .കൂടെ പന്ത്രണ്ടോ പതിമൂന്നോ വയസ്സായ മകൾ .അന്തസ്സുറ്റ പട്ടു പാവാടയും ജാക്കറ്റും .കസവുമുണ്ടുടുത്ത് കസവു നേര്യതു പുതച് ഭർത്താവ് അല്പം മാറിനിന്ന് ആരോടോ സംസാരിക്കുന്നു .
  എന്നെങ്കിലും ഒരു ധനികനായാൽ ഇങ്ങിനെയൊക്കെ വേണമെന്ന് ഞാൻ അപ്പോൾ തന്നെ തീരുമാനിച്ചു .അല്ലാതെ കടും നിറമുള്ള വസ്ത്രങ്ങൾ പരുഷ ഗന്ധമുള്ള പെർഫ്യൂം കൂളിംഗ് ഗ്ലാസ്   ഹും അവന്റെ ഒരു വേഷം എന്ന് ആളുകളെക്കൊണ്ട് പറയിക്കുകയില്ല .
        പോയ പൂക്കാലങ്ങൾ അയവിറക്കി നിന്ന ഞങ്ങളുടെ സമീപത്തേക്കു വന്ന സ്വർണ്ണത്തിന്റെ ഭർത്താവ് സംസാരത്തിൽ ഇടപെട്ടില്ല ;കൗതകത്തോടെ പുഞ്ചിരിച്ചു കൊണ്ട് നോക്കി നിന്നതേയുള്ളൂ .ഇടക്കൊരു വാചകം മാത്രം പറഞ്ഞു .There is not a thing in this world as beautiful as an old friendship .ഹെവി വെഹിക്കിൾസിന്റെ മൊത്ത കച്ചവട ക്കാരന് കവിതയുണ്ട് !
       പണവും സ്വാധീനവുമുള്ളവർക്ക് കേരളത്തിൽ ഒരമ്പലത്തിലും ക്യൂ നിൽക്കേണ്ടതില്ല .ഒരു ദേവസ്വം ഉദ്യോഗസ്ഥൻ വന്ന് അവരെക്കൂട്ടി കൊണ്ടു പോയി .പുതിയ കാറിന്റെ താക്കോൽ പൂജിച്ചു വാങ്ങാനാണ് . കാത്തു നിൽക്കണമെന്ന് ആംഗ്യം കാട്ടിയിട്ടാണ് സ്വർണ്ണം പോയത് .
     കുഞ്ഞിന്റെ തുലാഭാരം കഴിഞ്ഞിരിക്കുന്നു .തൊഴുതു മടങ്ങി വന്ന ഭാര്യ പ്രസാദം നീട്ടി .ഞാൻ കുങ്കുമം തൊട്ട് നടയിലേക്ക് കൈകൂപ്പി"ഭിക്ഷാംദേഹി ....' "
     കാത്തു നിൽക്കണോ ? അവർ ജങ്ഷൻ വരെ അല്ല വീട് വരെ കൊണ്ടു വിടുമായിരിക്കും .പക്ഷെ അടുത്ത പ്രാവശ്യമോ ?ഇന്ത്യൻ ഭരണഘടന പോലെ സുദീർഘവും സുദൃഡവും തുല്യ പൗരാവകാശ സന്ദായകവുമായ കമ്പിയിൽ -ബസ്സിന്റെ മോളത്തെ കമ്പിയിൽ -തൂങ്ങി നിന്നു വേണമല്ലോ അപ്പോൾ യാത്ര .അതിപ്പോഴും ആവാം പഴയ കൂട്ടുകാരിയുമായുള്ള പുനസ്സമാഗമം അകലങ്ങളിൽ പൂവിട്ട വസന്തം പോലെ ഓർമ്മയിൽ നിൽക്കട്ടെ .
     വാഹന വ്യാപാരി പറഞ്ഞത് ശരിയാണ് .ഒരു പഴയ സ്നേഹബന്ധത്തെ പോലെ മനോഹരമായി ഈ ലോകത് യാതൊന്നും തന്നെയില്ല .പക്ഷേ പഴയ സൗഹൃദം പഴയ സൗഹൃദം മാത്രമാണ് .പ്രപഞ്ചത്തിലെ ഓരോ വസ്തുവും അനുനിമിഷം നശിക്കുകയും പുനരുൽപ്പാദിപ്പിക്കപ്പെടുകയും ചെയ്യുകയാണെന്ന ബുദ്ധമത തത്വം ,പ്രതീത്യസമുത്പാദം ,വ്യക്തികൾക്കും വ്യക്തിബന്ധങ്ങൾക്കും ബാധകമാണ് .ഈ കുറിപ്പ് ,എന്തിന് ഈ വാക്യം എഴുതിതുടങ്ങിയ ഞാനല്ല എഴുതി അവസാനിപ്പിക്കുന്നത് ;തീർത്തും വ്യത്യസ്തനായ മറ്റൊരാളാണ് .ഇയാൾക്ക് അയാളോടുള്ള കൂട്ടുകെട്ടിന്റെ കാര്യവും അങ്ങിനെ തന്നെ .ഇയാൾ മറ്റൊരാളാണിപ്പോൾ ;അയാളും .നിങ്ങളുടെ സുഹൃദ്ബന്ധം ഒരു പൂർവ്വജന്മ സ്മരണ മാത്രമാണ് .
   ചിരസ്ഥായിയായ സൗഹൃദം മിഥ്യയാണെന്നു പറഞ്ഞത് ഞാൻ തിരുതാം  ഏതു സൗഹൃദവും ഓർമ്മയിൽ മാത്രമേ നിലനിൽക്കൂ എന്ന് സമ്മതിക്കുമെങ്കിൽ
സ്നേഹപൂർവ്വം 













      
    














അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ