2018, മാർച്ച് 10, ശനിയാഴ്‌ച

വരിക ഗന്ധർവ ഗായകാ വീണ്ടും 
   യാദൃശ്ചികമായാണ് കൈരളി പീപ്പിളിൽ എത്തിപ്പെട്ടത് .ദയാ വധത്തെ പറ്റി കേട്ടപ്പോളുണ്ടായ അസ്വസ്ഥതയിൽ ചാനൽ മാറ്റുകയായിരുന്നു .പീപ്പിളിൽ അപ്പോൾ 'മധുരിക്കും ഓർമ്മകളെ 'എന്നപേരിൽ ഓ എൻ വി യുടെ നാടകഗാനങ്ങളുടെ പുനരാവിഷ്കാരം ആണ് നടന്നു കൊണ്ടിരുന്നത് .യു റ്യുബിലില്ലാത്ത പഴയ ഓ എൻ വി നാടക ഗാനങ്ങൾ കേൾക്കാനൊരു സുവർണ്ണാവസരം .
      തങ്കകാൽത്തളയും ,എന്തിനു പാഴ്ശ്രുതിയും അത്തി കായ്കളും ,നേരം മങ്ങിയ നേരവും ഒക്കെഅവിടെ കേട്ടു  കല്ലറ ഗോപനും ശ്രീറാമും രാജീവും രാജലക്ഷ്മിയും അപർണ്ണയും മറ്റും  മാറി മാറി പാടി. ഭാഗ്യം .ഇറങ്ങിയ കാലത്തിനു ശേഷം കേട്ടിട്ടേയില്ലാത്ത 'മണ്ണിൽ പിറന്ന ദേവകന്യ'യും 'ജനനി ജന്മഭൂമിയും' കേൾക്കാൻ കഴിഞ്ഞത് മഹാഭാഗ്യം
  പാട്ടുകാർ ആരും ഈ പാട്ടുകൾ ഇറങ്ങിയ കാലത്തു കേട്ടിട്ടുള്ളവരല്ല .ഈ പാട്ടുകളുള്ള നാടകങ്ങളും കണ്ടിരിക്കാൻ വഴിയില്ല .എങ്കിലും ഭാവം നഷ്ടപ്പെടുത്താതെ പാടാൻ അവർക്കു കഴിഞ്ഞു .ഒരു തെറ്റു പക്ഷെ എടുത്തു പറയാതിരിക്കാൻ കഴിയുന്നില്ല .കാക്കപ്പൊന്നിലെ 'മാനത്തെ മഴവില്ലിനേഴു നിറം 'എന്ന് തുടങ്ങുന്ന പാട്ടിലെ ആദ്യ  ചരണം 'ആയിരത്തിരി മാല ചാർത്തിയ ദീപ ഗോപുര നടയിൽ /അമ്പിളി മോതിരം അഴകിൽ നീട്ടി കാത്തു നിൽക്കുവതാരോ 'എന്നാണ് .'ആയിരത്തിരമാല 'എന്നാണ് രാജലക്ഷ്മി പാടിയത് .നക്ഷത്രങ്ങൾ കൊണ്ട് ആയിരത്തിരി ചാർത്തി അമ്പിളി മോതിരം നീട്ടി നിൽക്കുന്ന പ്രപഞ്ചം ആയിത്തീരുന്നു പാട്ടിലെ കാമുകൻ .ആ ബിംബ കല്പന അ ലംകോലമാക്കിക്കളയുന്നു രാജലക്ഷ്മിയുടെ സ്ഖലിതം .തിരമാലയ്ക് അവിടെ യാതൊരു പ്രസക്തിയുമില്ല 'മലർവാക കൊമ്പത് 'ഭാവഗായകനു സമാസമം  നിന്ന് പാടി ഗംഭീരമാക്കിയ ഗായികയോട് അനാദരവ് പ്രകടിപ്പിക്കുകയല്ല 55 കൊല്ലം മുമ്പ് വി ജെ ടി ഹാളിൽ ഏറ്റവും പിൻ നിരയിലിരുന്നു ആ പാട്ട് കേട്ടിട്ടുള്ള ഒരാളിന് തോന്നിയ രസഭംഗം സൂചിപ്പിച്ചു എന്നു മാത്രം .ഇതു വായിക്കുന്നവരിലാർക്കെങ്കിലും അവരെ പരിചയമുണ്ടെങ്കിൽ ശ്രദ്ധയിൽ പെടുത്തിയാൽ നന്ന് .
    നന്ദി കൈരളി പീപ്പിളിന്‌ സംഗീത സാന്ദ്രമായ ഒരു രാത്രിക്ക് അദ്ധ്യാപകൻ കൂടിയായിരുന്ന ഗന്ധർവ ഗായകനെ ഓർമ്മിപ്പിച്ചതിനും
   ഗന്ധർവ ഗായകാ   വരിക കാതോർത്തു നിൽക്കുന്നു കാലം
    


    

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ