2016, ഫെബ്രുവരി 4, വ്യാഴാഴ്‌ച

സംസ്കൃത കോളേജിന്റെ ശതാബ്ദി ആഘോഷങ്ങളുടെ  സമാപനം ഇന്ന് 4-2-2016 ആയിരുന്നു .ഗവർണർ ഉത്ഘാടനം ചെയ്യുന്ന ശതാബ്ദി സമ്മേളനം ,പരീക്ഷിത്ത് തമ്പുരാൻ സ്മാരക പ്രഭാഷണവും ചര്ച്ചയും ,തുടർന്ന് പത്മാ  സുബ്രഹ്മണ്യത്തിന്റെ  ഭരതനാട്യം ഇതായിരുന്നു പരിപാടി .ഗവർണ്ണരുടെ സമ്മേളനത്തിനു ഞാൻ പോയില്ല .തുടര്ന്നുള്ള പരിപാടികൾ ക്ക്  പോയി .
               പരീക്ഷിത്ത് സ്മാരക പ്രഭാഷണം നടത്തിയത് ചരിത്ര പണ്ഡിതനും എഴുത്തുകാരനുമായ ഡോ കേശവൻ വെളുത്താട്ട് .വിഷയം ദേവഭാഷ ദൈവത്തിന്റെ സ്വന്തം നാട്ടിൽ -സംസ്കൃതത്തിലെ കാവ്യ പാരമ്പര്യം മലയാളത്തിലേക്കു വന്നവഴി .വിഷയം കൈകാര്യം ചെയ്യാൻ പോന്ന ആൾ തന്നെയാണു വെളുത്താട്ട് .ചരിത്രത്തോടൊപ്പം മലയാള സംസ്കൃത സാഹിത്യങ്ങളിൽ അവഗാഹമുള്ളയാൾ .അദ്ദേഹത്തിന്റെ ഒരു മണിക്കൂർ നീണ്ട പ്രഭാഷണത്തിലെ പ്രസക്ത ഭാഗങ്ങൾ :
  സംസ്കൃത കാവ്യ പാരമ്പര്യം വേദങ്ങളിൽ നിന്നാരംഭിക്കുന്നു എന്ന് പറ ഞ്ഞു കൂടാ .കാവ്യ ഭംഗി അവകാശപ്പെടാവുന്ന ചില ഭാഗങ്ങൾ വേദങ്ങളിലുണ്ട് .പക്ഷേ പൊതുവേ വേദങ്ങൾ അനുഷ്ഠാന മന്ത്രങ്ങളാണ് .രാമായണം ആദി കാവ്യമാണ് ഉത്കൃഷ്ടവുമാണ് .പക്ഷേ രാമായണത്തെ പിന്തുടർന്നു വേറെ കാവ്യങ്ങളൊന്നു മുണ്ടായില്ല .അത് കൊണ്ട് സംസ്കൃത കാവ്യ പാരമ്പര്യം രാമായണത്തിൽ നിന്നാരംഭിക്കുന്നു എന്നു പറയുന്നത് ശരിയല്ല .രാമായണത്തെ ഇതിഹാസമായാണു കണക്കാക്കി പോരുന്നത് .
 അപ്പോൾ ആദ്യത്തെ സംസ്കൃത കാവ്യങ്ങൾ അശ്വഘോഷന്റെ സൌന്ദരനന്ദവും ബുദ്ധചരിതവുമാണ് .അവയെ തുടർന്നാണ്‌  സംസ്കൃതത്തിൽ കാവ്യങ്ങളുണ്ടായത് എന്ന അർഥത്തിൽ .
     വേദങ്ങൾക്കും  അശ്വഘോഷന്റെ കാലത്തിനും ഇടയിൽ ഭാഷാവ്യ്വഹാരങ്ങളു ണ്ടായിരുന്നില്ല എന്നാണോ ഇതിനർഥം ? അല്ല .ഭാഷാ വ്യവഹാരങ്ങളുണ്ടായിരുന്നു .അവ പ്രാകൃ തത്ത്തിലായ്രുന്നു വെന്നു  മാത്രം.സംസ്കൃതത്തിൽ  നിന്നുൽപ്പന്നമായ ഭാഷകളിൽ സംസ്കൃതത്തിനു മുമ്പേ ലിഖിതങ്ങളുണ്ടാവുക .ഗവേഷണം ചെയ്യപ്പെടേണ്ട ഒരു വിഷയമാണത് .
    അങ്ങിനെയാണ് സ്ഥിതിയെങ്കിൽ മലയാളത്തിന്റെ ഉല്പ്പത്തി വികാസങ്ങളെക്കുറിച്ചും ഒരു പുനർവിചിന്തനം സംഗതമാണെന്നെനിക്കു തോന്നുന്നു .മലനാട്ടിലെ തമിഴ് സംസ്കൃതവുമായി ചേർന്ന് ഇന്നത്തെ മലയാളം രൂപപ്പെട്ടുവെന്നാണല്ലോ വിശ്വസിക്കപ്പെടുന്നത് .അങ്ങിനെ രൂപാന്തരം പ്രാപിച്ചു കൊണ്ടിരുന്ന ഭാഷയെക്കാൾ പ്രാചീന മായ ഒരു സ്വതന്ത്ര ഭാഷ ഇവിടെ നിലവിലുണ്ടായിരുന്നു വെന്നും സംസ്കൃത സ്വാധീനത്തിൽ നിന്ന് മുക്തമായിരുന്നു അതെന്നും ശ്രീ കവിയൂർ മുരളി അഭിപ്രായപ്പെട്ടിട്ടുണ്ട് .കഴിഞ്ഞ നൂറ്റാണ്ടിന്റെ മദ്ധ്യം വരെ ദളിത്‌ ജന വിഭാഗങ്ങളുപയോഗിച്ചിരുന്ന ഭാഷയാണ്‌  അദ്ദേഹം ഉദ്ദേശിച്ചത് .ദളിത്‌ ഭാഷഎന്ന പേരാണ് അദ്ദേഹം ഉപയോഗിച്ചതും .കേരളത്തിന്റെ ആദ്യ സ്വതന്ത്ര ഭാഷ അതായിരുന്നുവോ ?ഗൌരവ പൂര്ണ്ണമായ ഗവേഷണങ്ങൾ ഇക്കാര്യത്തിൽ നടക്കേണ്ടതുണ്ട് .
  സന്കൃത കാവ്യ പാരമ്പര്യം മലയാളത്തിൽ നിലനില്ക്കുന്നത് മണിപ്രവാള കാവ്യങ്ങളിലൂടെയാണെന്ന് ഡോ വെളുത്താട്ട് യുക്തി യുക്തം സ്ഥാപിക്കുന്നു .മണിപ്രവാള കാവ്യങ്ങൾ   സംസ്കൃതകാവ്യങ്ങളുടെ ഏഴയലത്തു പോലും എത്തുകയില്ല  ഗുണനിലവാരത്തിൽ . എന്ന് സമ്മതിച്ചു കൊണ്ടു തന്നെ.  നിരണം പണിക്കർമാരും ചെറുശേരിയും എഴുത്തഛ നും മുതൽ റഫീക്ക് അഹമ്മദും എസ് ജോസഫും പി രാമനും വരെയുള്ളമലയാള കവികളും  പിന്തുടരുന്നത് സംസ്കൃത കാവ്യ പാരമ്പര്യം തന്നെയാണ് എന്ന് എനിക്കു തോന്നുന്നു .മറ്റു ഭാഷകളിൽ നിന്ന് നമ്മൾ ചില കാവ്യ രൂപങ്ങൾ കടം കൊണ്ടിട്ടുണ്ടാവാം പക്ഷേ രചനയേയും ആസ്വാദ നത്തേയും സംബന്ധിക്കുന്ന നിയാമക തത്വങ്ങളേല്ലാം -രസം ധ്വനി അലങ്കാരം രീതി -നമ്മൾ സംസ്കൃതത്തിൽ നിന്ന് സ്വീകരിച്ചിരിക്കുന്നു .ഗുണനിലവാരത്തിൽ മലയാള കാവ്യങ്ങൾ  മണിപ്രവാള കാവ്യങ്ങളേക്കാൾ ബഹുദൂരം മുന്നിലാണ് താനും .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ