2016, ഫെബ്രുവരി 7, ഞായറാഴ്‌ച

കഴിഞ്ഞ ദിവസം 4-2-2016 വ്യാഴാഴ്ച സംസ്കൃതകോളേജ് ശതാബ്ദിയുടെ ഭാഗമായി നടന്ന ഭരത നാട്യ പ്രകടനം കണ്ടു .രംഗത്ത് സാക്ഷാൽ പത്മാസുബ്രഹ്മണ്യം .ശിവഭക്തനു കൈലാസദർശനം  പോലെയാണു ഭരതനാട്യാസ്വാദകന് പത്മാസുബ്രഹ്മണ്യത്തിന്റെ പ്രകടനം കാണുന്നത് എന്നു  പറഞ്ഞു കേട്ടിട്ടുണ്ട് .നഗരത്തിൽ മുമ്പ് രണ്ടു മൂന്നു തവണ അവർ നൃത്തം അവതരിപ്പിച്ചിട്ടുണ്ടെങ്കിലും  കാണാൻ കഴിഞ്ഞിരുന്നില്ല  .ടിക്കന്റിന്റെ വില എനിക്ക് താങ്ങാവുന്നതിലധികമായിരുന്നു എന്നത് തന്നെ കാരണം .ഇക്കുറി ടിക്കറ്റ് ഒന്നും ഉണ്ടായിരുന്നില്ല.മുമ്പ് ഒരിക്കലും  കണ്ടില്ലാത്ത വിധം വലിയ ഒരു ജനക്കൂട്ടം  ലായം മൈതാനത്തെ  കൂത്തമ്പലത്തിൽ  ഉണ്ടായിരുന്നു ..
     ഗീതോപദേശം ഭരതനാട്യ രൂപത്തിൽ രംഗത്തവതരിപ്പിച്ച് വിജയിപ്പിക്കുക ദുഷ്കരമാണ് .പദാർഥാാഭിനയപ്രധാനമാണ് ഭരതനാട്യം .നായികമാരുടെ ,മിക്കപ്പോഴും വിപ്രല്ബ്ധയായ നായികയുടെ വിവിധ ഭാവങ്ങൾ അവതരിപ്പിച്ച്  ശൃംഗാരാദി  രസങ്ങൾ സൃഷ്ടിക്കുകയാണ് ഭരത നാട്യത്തിന്റെ ധർമ്മമായി നമ്മളൊക്കെ മനസ്സിലാക്കിയിരിക്കുന്നത് .ഭക്തി പലപ്പോഴും പ്രകടിപ്പിച്ചു കണ്ടിട്ടുണ്ട് .തത്വചിന്ത അതും ഗീതാസാരം -അത് സാദ്ധ്യമാണെന്നു കരുതിയിരുന്നില്ല .പക്ഷേ ഒരു മഹാ പ്രതിഭയ്ക്ക് കഴിയാത്തതായി ഒന്നുമില്ല എന്നിപ്പോൾ മനസ്സിലായി
   അർജ്ജുനവിഷാദം ,കർമ്മവും ജ്ഞാനവും ,ഭക്തി ,വിശ്വരൂപദർശനവും മോഹവിഛേദവും ഇങ്ങിനെ നാലുഖണ്ഡങ്ങളിലായി എഴുപതു ഗീതാ ശ്ലോകങ്ങളുടെ അകമ്പടിയോടെ ഗീതാർഥസാരം മുഴുവൻ സംവേദനം ചെയ്യാൻ അവർക്കു കഴിഞ്ഞു  നൃത്തശില്പത്തിന്റെ സൌന്ദര്യം ഒട്ടും ചോര്ന്നു പോകാതെ .
   പത്മാ സുബ്രഹ്മണ്യത്തിന്റെ ചുവടുകളേയും  ഭാവാവിഷ്കാരത്തേയും കുറിച്ച് എന്തെങ്കിലും പറയാൻ ഞാനാളല്ല .പക്ഷേ വിശ്വരൂപം അവർ അവതരിപ്പിച്ച രീതിയുണ്ടല്ലോ ഞാൻ എല്ലാക്കാലത്തും അതോർത്തിരിക്കും .അര്ജ്ജുനന്റെ കാഴ്ചപ്പാടിലൂടെ  അവരത് രംഗത്തവതരിപ്പിച്ചപ്പോൾ 'അനേക ബാഹുദരവക്ത്ര നേത്രനായി സഹസ്രസൂര്യ പ്രഭനായി' സാക്ഷാൽ വിശ്വരൂപൻ ഞങ്ങളുടെ മുന്നിൽ  നില്ക്കുന്നതായി ഞങ്ങൾക്ക് ,സാധാരണ അസ്വാദകർക്ക്  തോന്നി ..
 ആസ്വാദനം സുഗമമാകുന്നതിന് സഹായകമായിരുന്നു ഒരോഖണ്ഡ ത്തിനും ആമുഖമായി പൗലോസ് സാർ നടത്തിയ ലഘു വിവരണം
      വിളംബിതകാലത്തിൽ മന്ദ്രസ്ഥായിയിലായിരുന്നു അർജ്ജുനന്റെ യുദ്ധരംഗത്തേക്കുള്ള പുറപ്പാടും അവസാനം മൗഢ്യ വിമുക്തനായ ശേഷമുള്ള  പടയൊരുക്കവും.കാൽ നൂറ്റാണ്ടു മുമ്പായിരുന്നെങ്കിൽ ദ്രുതതാളത്തിൽ നമുക്കത് കാണാൻ കഴിഞ്ഞേനേ .'കാല !കലയതാമഹം  'എന്ന് ഭഗവാൻ തന്നെ പറഞ്ഞിട്ടുണ്ടല്ലോ എന്ന് സമാധാനിക്കുക .എടുത്തു പറയട്ടെഇതൊരു കുറവായി പറഞ്ഞതല്ല . പതിഞ്ഞ കാലത്തിന് അതിന്റേതായ സൗന്ദര്യമുണ്ട് .ജീവിതത്തിലെ ഏറ്റവും മനോഹരമായ ഒരു ദൃശ്യാനുഭവം ഒരുക്കിത്തന്ന നാട്യ പ്രതിഭക്കും അകമ്പടിക്കാർക്കും പരിപാടിയുടെ സംഘാടകർക്കും തൊഴുകയ്യോടെ നന്ദി

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ