2019, ജനുവരി 23, ബുധനാഴ്‌ച

23-1-2019
ഇരുണ്ട കാലത്തിന്റെ കഥ
---------------------------------------------
കൃത്യാന്തരങ്ങളുടെ  ബഹുലത കാരണം ആനുകാലികങ്ങളുടെ വായന മുടങ്ങിക്കിടക്കുകയായിരുന്നു. ഇപ്പോൾ പഴയ ഓഫീസ് ശൈലിയിൽ പറഞ്ഞാൽ അരിയർ ക്ലിയറൻസ് ആണ് .വായിച്ച കൂട്ടത്തിൽ ഒരു ചെറുകഥ വല്ലാതെ ഇഷ്ടപ്പെട്ടു .മാതൃഭൂമി ജനുവരി 20 ലക്കത്തിൽ എം ജി ബാബു എഴുതിയ ഇരുട്ട് .
  ചില ആദർശങ്ങളും അവയെ ഉയർത്തിപ്പിടിക്കാൻ ജീവൻ ബലിയർപ്പിക്കാൻ പോലും തയാറുണ്ടായിരുന്ന കുറെ മനുഷ്യരുമാണ് എന്നും ലോകത്ത് പ്രകാശം പരത്തിയിരുന്നത് .ഇന്ന് പക്ഷെ പൊതുപ്രവർത്തകനാകാനുള്ള ഏക യോഗ്യത എല്ലാ ആദർശങ്ങളുടേയും  സമ്പൂർണ്ണ ത്യാഗമാണ് .ദർശനങ്ങളുടെ വിളക്കുകൾ അണഞ്ഞിരിക്കുന്നു ;ആദർശശാലികൾ കുറേപ്പേർ മണ്ണടിഞ്ഞു ,കുറേപ്പേർ പഴയ മുറിവുകളെ താലോലിച്ച്  ഓരങ്ങളിൽ ഴിയുന്നു,അവരിൽ ചിലർ മദ്യത്തിൽ അഭയം കണ്ടെത്തി എല്ലാവരെയും വെറുത്തും  വഴക്കു കൂടിയും ജീവിച്ചുപോകുന്നു .ചിലർ പക്ഷെ പുതിയ യുഗധർമങ്ങൾ മനസ്സിലാക്കി ആദർശങ്ങൾ പ്രസംഗങ്ങളിലൊതുക്കി പുതിയ ഉപരി മദ്ധ്യവർഗ്ഗമായി അധികാരത്തിൽ പങ്കാളികളായി സസുഖം വാഴുന്നു ..എല്ലാ വിളക്കുകളും അണഞ്ഞു .ഇരുട്ട് മാത്രം .പണമടക്കാത്തതുകൊണ്ട് വൈദ്യുതി ഇല്ലാത്ത വീട്ടിൽ ചിമ്മിനി വിളക്ക് കൊളുത്താൻ മണ്ണെണ്ണ വാങ്ങാൻ പോയവഴി റോഡപകടത്തിൽ മരിച്ച മുൻകാല രാഷ്ട്രീയ പര്വതകന്റെ ഫോട്ടോ അന്വേഷിച്ച്  അദ്ദേഹത്തിന്റെ വീട്ടിൽ ചെല്ലുന്ന ഒരു പ്രാദേശിക പത്രലേഖകന്റെ കാഴ്ചപ്പാടിലൂടെ കഥ വികാസം പ്രാപിക്കുന്നു .വിശദാംശങ്ങൾ എഴുതുന്നില്ല 
    ചെറുകഥ ജീവിതത്തെ സമഗ്രമായി പ്രതിഫലിപ്പിക്കുന്നില്ല എന്നൊരു വങ്കത്തം നമ്മുടെ നിരൂപകരിൽ ചിലർ ഇവിടെ പ്രചരിപ്പിച്ചു പോന്നിട്ടുണ്ട്..ചെറുകഥയും  ഭാവഗീതവും ജീവിതത്തെ ,ഹിമകണം കാനനത്തെയെന്നപോലെ പ്രതിഫലിപ്പിക്കുന്നുണ്ട് .അവ നല്ല സാഹിത്യ സൃഷ്ടികളാണെങ്കിൽ .മൂന്നു സന്നിഹിതമനുഷ്യരും അസന്നിഹിതനായ പഴയ പൊതുപ്രവർത്തകനും

കഥാപാത്രങ്ങളായുള്ള 
 ഇരുട്ട് നല്ല വളരെ നല്ല ചെറുകഥയാണ് .അത് നമ്മുടെ കാലത്തെ പോയ കാലത്തെയും നമുക്ക് കാണിച്ചുതരുന്നു സൗന്ദര്യാത്മകമായ വിധത്തിൽ തന്നെ 






അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ