2019, ജനുവരി 24, വ്യാഴാഴ്‌ച



വംശാധിപത്യത്തിനെതിരെ എന്തെങ്കിലും എഴുതിയാൽ ,പറഞ്ഞാൽ 'അപ്പോൾ സാറും സംഘിയായോ 'എന്ന ചോദ്യം വരും ചിരകാല സുഹൃത്തുക്കളിൽ നിന്ന് .ഞാൻ ജനിച്ച കാലത്ത് തന്നെ ഞങ്ങളുടെ നാട്ടിൽ ഈ സംഘം ഉണ്ടായിരുന്നുവത്രെ .ഒരിക്കലും അവരുമായി ആശയപരമായി ബന്ധപ്പെടാൻ ഞാൻശ്രമിച്ചിട്ടില്ല ശൂരനാട്  കലാപത്തിലെ ധീരോദാത്ത നായകന്മാരായിരുന്നു എന്റെ വീരപുരുഷന്മാർ.കമ്യുണിസ്റ് പാർട്ടിക്ക് ,അന്നതിനു ബ്രാക്കറ്റുകൾ ഉണ്ടായിരുന്നില്ല ,ഇടയ്ക്കിടെ പൊതുമീറ്റിങ്ങുകളും കലാപരിപാടികളും ഉണ്ടാവുമായിരുന്നു.നേതാക്കന്മാരുടെ പ്രസംഗങ്ങൾ തന്നെ രസനീയങ്ങളായിരുന്നു  .അങ്ങിനെ സമത്വ സുന്ദരമായ സാമൂഹ്യ വ്യവസ്ഥിതി എന്നതായി എന്റെയും ആദർശം .സ്കൂളിൽ സഖാവ് ശിവൻകുട്ടി ,കോളേജ് ക്ലാസ്സുകളിൽ സഖാക്കൾ തുമ്പമൺ രവി .ഐ വർഗീസ് ഓഫീസിൽ സഖാക്കൾ കെ ടി തോമസ്,ജെ ജോസഫ് ,ഗംഗാധരക്കുറുപ്പ് തുടങ്ങിയവർ ഇവരെല്ലാമായിരുന്നു ആശയപരമായി  എന്നെ രൂപപ്പെടുത്തിയത് .എന്റെ വായന സാഹിത്യത്തിലിൽ ഒതുങ്ങിയതുകൊണ്ട് രാഷ്ട്രീയ പ്രത്യയ ശാസ്ത്രമൊക്കെ ഇവരൊക്കെ പറഞ്ഞു തന്നതേ എനിക്കറിയാമായിരുന്നുള്ളു.അത് മതിയായിരുന്നു ഫാസിസത്തിന്റെ ബുൾഡോസർ ഉരുണ്ടു വന്നപ്പോൾ ചെറുത്തു നിൽക്കുന്നവരുടെ കൂട്ടത്തിൽ ഉറച്ചുനിൽക്കാനുള്ള മനക്കരുത്ത് എനിക്കുണ്ടാവാൻ .
        ഇതിനിടയിൽ എവിടെയും സംഘമില്ല .പക്ക്ഷേ അവരോടു മതിപ്പു തോന്നിയ ഒരു സന്ദര്ഭമുണ്ടായിട്ടുണ്ട് എന്റെ ജീവിതത്തിൽ .അടിയന്തിരാവസ്ഥക്കാലത്ത് ഒരു ദിവസം കുറച്ചു നിക്കർധാരികൾ സെക്രെട്ടറിയേറ് നടയിൽ പ്രതിഷേധമുദ്രാവാക്യം വിളിച്ച് പോലീസിന്റെ തല്ലുകൊണ്ട് വീഴുന്നത് ഞാൻ നേരിൽക്കണ്ടു .ഒരു സംഘം വീഴുമ്പോൾ അടുത്ത സംഘം അങ്ങിനെ എട്ടോ പത്തോ പേരുടെ എട്ടോ പത്തോ സംഘങ്ങൾ
.അവർ വിളിച്ചിരുന്ന മുദ്രാവാക്യം അടിയന്തിരാവസ്ഥ  തുലയട്ടെ എന്നതായിരുന്നു .ഞാനും എന്നെപ്പോലെ ഒട്ടനവധിപേരും മനസ്സിൽ മുഴക്കിയ മുദ്രാവാക്യമായിരുന്നല്ലോ അത് .ഉപ്പു സത്യാഗ്രഹ കാലത്ത് ഗാന്ധിജിയുടെ അനുയായികൾ ഇങ്ങിനെയാണ്‌ സമരം ചെയ്തിരുന്നതെന്ന് ലൂയി ഫിഷറുടെ പുസ്തകത്തിൽ ഞാൻ വായിച്ചിട്ടുണ്ടായിരുന്നു .അതുകൊണ്ടൊന്നും പക്ഷെ ഞാൻ സംഘത്തെ അന്വേഷിച്ചു പോയില്ല അവർ എന്നെ അന്വേഷിച്ചതുമില്ല .
    വായനയുടെ കാര്യം പറഞ്ഞപ്പോൾ ഒന്ന് വിട്ടു .ഞാൻ ഗാന്ധിജിയെ ക്കുറിച്ചും ഗാന്ധിസത്തെക്കുറിച്ചും സാമാന്യം നന്നായി തന്നെ വായിച്ചിട്ടുണ്ടായിരുന്നു .ഇ എം എ സിന്റ Mahathma And The Ism സ ർ സി ശ ങ്കരന്നായരുടെ Gandhi And Anarchy എന്നീ പ്രശസ്ത ഗാന്ധി വിമര്ശങ്ങളുൾപ്പെടെ .ഗാന്ധി മഹാത്മാവാണെന്നും ഇന്ത്യൻ ദേശരാഷ്ട്രത്തിന്റെ പിതാവാണെന്നും ഞാൻ വിശ്വസിക്കുന്നു .അദ്ദേഹം വ്യകസിപ്പിച്ചെടുത്ത സമരമാര്ഗം മാത്രമാണ് മർദ്ദിത വർഗ്ഗത്തിന് പിന്തുടരാവുന്ന ഏക സമരമാർഗമെന്നും .
 സംഘവുമായി ബന്ധപ്പെട്ട ചിലരെ പരിചയപ്പെടുന്നത് തൃപ്പൂണിത്തുറ വന്നതിനുശേഷമാണ് .ചില ഗീതാ പ്രഭാഷണങ്ങൾ നടക്കുന്നിടത്തു വെച്ചും മറ്റും .ഗീത ഞാൻ ചെറുപ്പം മുതൽ വായിക്കുമായിരുന്നു .ആർഷഗ്രന്ഥങ്ങൾ ഗൗരവപൂർവം വായിക്കണമെന്ന് എന്നോടാദ്യം ആവശ്യപ്പെട്ടത് സ കെ ടി തോമസ്സാണ് .കാമുവും സാർത്രെയും മറ്റും വായിച്ച് ബുദ്ധിജീവി നാട്യത്തിൽ നടക്കുമ്പോൾ നമ്മുടെ നാടിനു വലിയൊരു വിജ്ഞാന ശേഖരമുണ്ടെന്നു മറന്നു പോകരുതെന്ന് പറഞ്ഞ് കെ ടി എനിക്കൊരു പുസ്തകം തന്നു .ദശോപനിഷത്തുകളിലെ പ്രധാന സൂക്തങ്ങളുടെഭാഗങ്ങളുടെ ഇംഗ്ലീഷ് പരിഭാഷയായിരുന്നു അതിന്റെ ഉള്ളടക്കം .പിന്നീട് ഞാൻ ഇന്ത്യൻ തത്വ ചിന്ത കുറച്ചൊക്കെ മനസ്സിലാക്കാൻ ശ്രമിച്ചു .ഉപനിഷത്തെന്നും മറ്റും കേട്ടാൽ സംഘം എന്നോർമ്മ വരുന്നവരെക്കുറിച്ച എന്ത് പറയാനാണ് .
        സംഘം എന്നെ ആശയപരമായി സ്വാധീനിച്ചിട്ടില്ല എന്ന് വെളിവാക്കാനാണ് ഇത്രയും എഴുതിയത് .പക്ഷെ വംശാധിപത്യത്തെ അവരെതിർക്കുന്നതു കൊണ്ട് ഞാൻ എതിർത്തുകൂടാ എന്ന് പറയുന്നവരോട് എനിക്ക് യോജിക്കാൻ വയ്യ .






അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ