2019, ജൂൺ 4, ചൊവ്വാഴ്ച

3-6-2019

സീത, ഇളയിടം ,നവോത്ഥാനം
--------------------------------------------------
(ചിന്താവിഷ്ടയായ സീതയുടെ രചനയെ  കേരളീയ നവോത്ഥാനവുമായി ബന്ധപ്പെടുത്തിക്കൊണ്ട് ഡോ സുനിൽ പി ഇളയിടം നടത്തിയ പ്രഭാഷണത്തോടുള്ള പ്രതികരണം .പ്രഭാഷണം യൂ ട്യൂബിൽ ലഭ്യമാണ് .ഈ കുറിപ്പ് സാഹിത്യവിമർശം ദ്വൈമാസികം ജൂലൈ 2019 ലക്കത്തിൽ ലേഖന രൂപത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട് )

"നമ്മുടെ നവോത്ഥാനത്തിന്റെ അതിപ്രധാനമായ ഒരു പാരമ്പര്യത്തെ നാമിവിടെ വീണ്ടും ഓർക്കേണ്ടതുണ്ട് .അത് സ്ത്രീയുടെ നീതിക്കുവേണ്ടിയുള്ള ,സ്വാധികാരത്തിനു വേണ്ടിയുള്ള ഒരു വലിയ മുന്നേറ്റമായിരുന്നു "സുനിൽ പി ഇളയിടം ആവേശ ഭരിതനായി തുടരുന്നു ."അടുത്ത വർഷം 2019  കുമാരനാശാന്റെ മഹത്തായ കവിതകളിലൊന്നിന്റെ   ശതാബ്ദിയാണ്, ചിന്താവിഷ്ടയായ സീത.ചിന്താവിഷ്ടയായ സീതയിൽ സീത രാമനോടു പറയുന്ന ഒരു വാക്യം ഏതാണ്ടിങ്ങനെയാണ് .രാമൻ അവസാനത്തെ രാജസൂയത്തിന്റെ സന്ദർഭത്തിൽ പട്ടമഹിഷിയായി കാഞ്ചനസീതയെ പ്രതിഷ്ഠിച്ച് സീതയെ വിളിച്ചുവരുത്താൻ വാല്മീകിയെ അയക്കുന്ന സന്ദർഭത്തിൽ സീത മനസ്സിലോർക്കുന്ന ഒരു വാക്യമായിട്ട് ആശാൻ ഇങ്ങിനെ എഴുതിയിട്ടുണ്ട്
     അരുതെന്തയി വീണ്ടുമെത്തി "നിൻ "
    തിരുമുമ്പിൽ തെളിവേകി "ദീനയായ് "
    മരുവീടണമെന്നു മന്നവൻ
    കരുതുന്നോ ശരി പാവയോയിവൾ "..."
ഉദ്ധരണികൾക്കകത്തുള്ള വാക്കുകൾ ആശാന്റേതല്ല ഇളയിടത്തിന്റെയാണ് .ആശാന്റെ ശ്ലോകം ഇങ്ങിനെയാണ്‌ ;അതു വരെയുള്ള വിചാരധാരയിൽ നിന്നു വ്യത്യസ്തമായിസീത ശബ്ദ വിചാരമിശ്രമായ്  അരുളിച്ചെയ്യുന്നു
   അരുതെന്തയി വീണ്ടുമെത്തി ഞാൻ
   തിരുമുമ്പിൽ തെളിവേകി ദേവിയായ്
   മരുവീടണമെന്നു എന്നു മന്നവൻ
   കരുതുന്നോ ശരി പാവയോയിവൾ (187 )
ഇളയിടത്തിന്റെ പാഠഭേദം നിർദ്ദോഷമല്ല എന്ന് പ്രഭാഷണത്തിന്റെ തുടർന്നു വരുന്ന ഭാഗങ്ങൾ നമുക്ക് വ്യക്തമാക്കിത്തരുന്നു .കേൾക്കുക:
"ഇനിയും ഞാൻ വന്നു നിന്റെ മുമ്പിൽ നിന്റെ പട്ടമഹിഷിയായി നിനക്കൊരലങ്കാരമായി ഞാനിരിക്കുമെന്നു, രാമാ,നീ കരുതുന്നുണ്ടോ ?ഞാനൊരു പാവയാണോ ?ഒരു നൂറ്റാണ്ടു മുമ്പു മുഴങ്ങിയ ചോദ്യമാണു കേട്ടോ !ആ പാവയാക്കി മാറ്റാനാണ് ഇന്നീ ജാതിബ്രാഹ്‌മണ്യം ശ്രമിച്ചുകൊണ്ടിരിക്കുന്നത് !ആശാനെഴുതിയ കാലത്തൊന്നും ഞാൻ നേരത്തേ പറഞ്ഞതു പോലെ ഇങ്ങിനെ ഒരർത്ഥമൊന്നും ഇതിനു വരുമെന്ന് സ്വപ്നം കണ്ടിട്ടുണ്ടാവില്ല ......."
    ആരു സ്വപ്നം  കണ്ടിട്ടുണ്ടാവില്ല ?കുമാരനാശാനോ ?സ്ത്രീ പാവയല്ല എന്നദ്ദേഹം തറപ്പിച്ചു തന്നെ പറയുന്നുണ്ടല്ലോ .അദ്ദേഹം തന്റെ നായികയായി തിരഞ്ഞെടുത്തത് വാല്മീകിയുടെ സീതയെ തന്നെയാണ് . സ്വന്തം വ്യക്തിത്വം കാത്തുസൂക്ഷിക്കാൻ വേണ്ടി അഗ്നിയിൽ പ്രവേശിക്കാൻ സന്നദ്ധയായവൾ ,ഭൂഗർഭത്തിൽ അന്തർദ്ധാനം ചെയ്തവൾ . ആ
  സീത പക്ഷെ ആശാന്റെ കാവ്യത്തിൽ ഒരിടത്തുംരാമനെ സംബോധന ചെയ്യാൻ  മദ്ധ്യമപുരുഷ ഏകവചനം'നീ ' ഉപയോഗിക്കുന്നില്ല .ഉപയോഗിക്കുന്നത്  'ഭവാൻ 'എന്ന പദമാണ് .ലക്ഷ്മണനെ അനുസ്മരിക്കുന്നിടത്ത് നീ ,നിൻ തുടങ്ങിയ പദങ്ങൾ സുലഭമാണു താനും .തുടർന്നു വരുന്ന ഇളയിടം ഉദ്ധരിക്കാതെ വിട്ടിരിക്കുന്ന ശ്ലോകം കൂടി നോക്കുക
അനഘാശയ !ഹാ ക്ഷമിക്കയെൻ
മനവും ചേതനയും വഴങ്ങിടാ
നിനയായ്കമറിച്ച്  പോന്നിടാം
വിനയത്തിന്നു വിധേയമാമൂടൽ .(188 ).സീത വിനയവതിയായിരിക്കുംരാമസന്നിധിയിൽ എന്നകാര്യത്തിൽ സീതയ്ക്കും  സീതാകാവ്യകർത്താവിനും തീർച്ചയുണ്ട് .                                                                         അതുപോലെ   "ദേവിയായ് " എന്നത് "ദീനയായ് "എന്നു മാറ്റിയിരിക്കുന്നു പണ്ഡിതനായ പ്രൊഫസർ .സീത തന്നോടൊപ്പമുള്ളപ്പോഴും ഇല്ലാത്ത
പ്പോഴും രാമന് സംശയമേതുമില്ലാതിരുന്ന രണ്ടുകാര്യങ്ങളുണ്ട് .ഒന്ന് സീത സുചരിതയാണെന്ന കാര്യം .രണ്ടാമത്തേത് സീതയാണ് തന്റെ  ദേവി -പട്ടമഹിഷി -എന്നത് .അതിൽ സീതയ്ക്കും സംശയമുണ്ടായിരുന്നില്ല .
അതിനില്ല വികല്പമിപ്പോഴും
ക്ഷിതിപൻ മൽപ്രണയയ്ക നിഷ്ഠനാം
പതിയാ വിരഹം മഥിക്കിലും
രതിയും രാഘവനോർക്കിലന്യയിൽ (144 )
അഹഹ സ്വയമിന്നു പാർക്കിലുൾ
 സ്പൃഹായാൽ  കാഞ്ചനസീതയാണു പോൽ 
സഹധർമ്മിണി യജ്ഞ ശാലയിൽ 
ഗഹനം സജ്ജനചര്യയോർക്കുകിൽ (147 ) ഇങ്ങിനെ സീതാകാവ്യത്തിൽ നിന്ന് എത്രയോ ശ്ലോകങ്ങങ്ങൾ ഉദ്ധരിക്കാം."യജ്ഞേ യജ്ഞേ ച പത്ന്യർത്ഥം ജാനകീ കാഞ്ചനീ  ഭവേത് "എന്ന് വാല്മീകിരാമായണം ഉത്തരകാണ്ഡം 99 - 6 അപ്പോൾ ദേവി എന്ന പദത്തിന് മാറ്റമൊന്നും വരുത്തേണ്ട തില്ല .രാമസഹവാസത്തിൽ ദേവി ഒരിക്കലും ദീനയായിരുന്നിട്ടുമില്ല .പിന്നെയെന്തിനാണാ തിരുത്ത് .വിശദമായി പരിശോധിക്കേണ്ടിയിരിക്കുന്നു.
          രണ്ടു കാര്യങ്ങൾ ഇവിടെ പരിഗണിക്കപ്പെടേണ്ടതുണ്ട് .ഒന്ന് കേരളീയമനസ്സ് ഒരു വിചാരവിപ്ലവത്തിലൂടെ ഊർജ്ജിതാശയമായിക്കൊണ്ടിരുന്ന കാലഘട്ടത്തിലാണ് ചിന്താവിഷ്ടയായ സീത എഴുതപ്പെടുന്നത് .രണ്ട് ആശാൻ പ്രക്ഷുബ്ധമായ ആ കാലത്തിന്റെ പ്രതിനിധിയായ നായികയായി തെരഞ്ഞെടുത്തത് വാല്മീകിയുടെ സീതയെയാണ് . അക്കാലത്തെ പ്രമുഖ   നിരൂപകർ അടിവരയിട്ടു പറഞ്ഞതുപോലെ   ചിന്താവിഷ്ടയായ സീതയാണ്ചിന്താവിഷ്ടയായ തങ്കമ്മയല്ല  ആശാന്റെ നായിക .
     നിർവാസാനന്തരം വാല്മീകിയോടൊപ്പം ആശ്രമപ്രാന്തത്തിലെ താപസീമന്ദിരത്തിലെത്തുന്ന സീതയെ നാം വീണ്ടും കാണുന്നത് പതിനഞ്ചു വര്ഷങ്ങള്ക്കു ശേഷം അശ്വമേധയാഗഭൂമിയിലേക്ക് ആ മഹർഷിയുടെ പിന്നിൽ അധോമുഖിയായി നടന്നുവരുന്നതായാണ് .അതിനിടയിൽ സീത പരാമര്ശിക്കപ്പെടുന്നില്ല  .അതിനർത്ഥം സീത സ്വന്തം ജീവിതത്തെക്കുറിച്ച് ആലോചിച്ചിട്ടില്ല എന്നല്ലല്ലോ.സ്വാഭാവികമായും സീത പലകുറി തന്നെക്കുറിച്ചും തന്റെജീവിതത്തെക്കുറിച്ചും ആലോചിച്ചിട്ടുണ്ടാവണം .  വാ ല്‌മീകിയുടെ സീത  ചിന്തിച്ചിരിക്കാൻ സാധ്യതയുള്ള കാര്യങ്ങൾ മാത്രമേ ആശാൻ തന്റെ കാവ്യത്തിൽ ഉൾക്കൊള്ളിച്ചിട്ടുള്ളു .പൂർവ നിരൂപകരുടെ അനുശാസനം വീണ്ടും ഓർമ്മിക്കുക :ചിന്താവിഷ്ടയായ സീതയാണ് ,ചിന്താവിഷ്ടയായ തങ്കമ്മയല്ല ആശാൻ കാവ്യം .അതു കൊണ്ട് "ശരി പാവയോയിവൾ "എന്ന പ്രയോഗത്തിന്റെ അർത്ഥാന്തരങ്ങൾ തേടി നമുക്ക് വാല്മീകി രാമായണത്തിലേക്കു തന്നെ പോകേണ്ടിയിരിക്കുന്നു .
       വാല്മീകി രാമായണത്തിൽ സീത ആദ്യം പ്രത്യക്ഷീഭവിക്കുന്നത് വിവാഹ സന്ദർഭത്തിലാണ്  "പതിവ്രതാ മഹാഭാഗാ ഛായേവാനുഗതാ സദാ "(പതിവ്രതയും മഹാഭാഗയുമായ ഇവൾ നിഴലെന്നപോലെ താങ്കളെ അനുഗമിക്കും )എന്നാശംസിച്ചുകൊണ്ടാണ് ജനകൻ സീതയെ  രാമനു കന്യാദാനം ചെയ്യുന്നത് .ഇവിടെ നിഴൽ എന്നതിന്  നിരന്തരം സന്നിഹിതമാവുന്നത് എന്നു മാത്രമാണ് അർത്ഥം .വ്യക്തിത്വമില്ലാത്തവൾ ,പാവ എന്നൊന്നും ഉദ്ദേശിക്കപ്പെട്ടിട്ടില്ല .കാരണം ആദികവി ആദ്യം തന്നെ തന്റെ നായികയെ പതിവ്രതയെന്നും മഹാഭാഗയെന്നും വിശേഷിപ്പിക്കുന്നുണ്ട് .മഹാഭാഗയായ ഒരുവൾ പാവയാവുകയില്ലല്ലോ .പിന്നീടുള്ള സീതാവാക്യങ്ങളും പ്രവൃത്തികളുമെല്ലാം ഈ വസ്തുത സംശയലേശമില്ലാതെ വ്യക്തമാക്കുന്നു .
      വനവാസത്തിനായി യാത്രക്കൊരുങ്ങുന്ന രാമനെ അനുഗമിക്കാനുള്ള തന്റെ നിശ്ചയം അറിയിച്ചുകൊണ്ട് സീത രാമനോടു പറയുന്ന വാക്യങ്ങൾ കേൾക്കു :"ആര്യപുത്ര !പിതാവും മാതാവും സഹോദരനും പുത്രനും അതേപോലെ പുത്രഭാര്യയും അവനവൻ ചെയ്തപുണ്യഫലങ്ങൾ അനുഭവിച്ചുകൊണ്ട് അവനവന്റെ കർമ്മഫലങ്ങൾ നേടുന്നു .അല്ലയോ പരുഷ ശ്രെഷ്ഠ സ്ത്രീ ഒരുത്തി മാത്രമാണ് ഭർത്താവിന്റെ ഭാഗ്യത്തിൽപങ്കാളിയായി തീരുന്നത് .അതിനാൽ ഞാനും വനത്തിൽ വസിക്കണമെന്നു നിശ്ചയിച്ചിരിക്കുന്നു .ഇഹത്തിലും പരത്തിലും സ്ത്രീക്ക് പിതാവോ പുത്രനോ മാതാവോതാൻ തന്നെയോ  സഖിയോ തുണയായി തീരുന്നില്ല .ഭർത്താവു മാത്രമാണ് അവൾക്ക് എന്നുമുള്ള ഒരേ ഒരു ഗതി .അല്ലയോ രാഘവ അങ്ങ് സഞ്ചരിക്കാൻ പ്രയാസമുള്ള കാട്ടിലേക്ക് പോകുന്നുവെങ്കിൽ ഞാൻ കാട്ടിലുള്ള കുശകളും മുള്ളുകളും മൃദുവാക്കി കൊണ്ട് മുൻപേ നടക്കും.(അയോദ്ധ്യാ കാണ്ഡം-27- 4,5,6,7) ..,
                                 
സീതയുടെ വ്യക്തിത്വത്തെയും നിശ്ചയദാർഢ്യത്തെയും മാത്രമല്ല ദേവിയുടെ വേദോപനിഷത്തുകളിലുള്ള ജ്ഞാനത്തെക്കൂടി  വെളിപ്പെടുത്തുന്നു ഈ വാക്യങ്ങൾ .വിവാഹം,അതിപാവനമെന്നും ശ്രുതിമന്ദാരമനോജ്ഞപുഷ്പമെന്നും സീതാകാവ്യത്തിൽ വാഴ്ത്തപ്പെടുന്ന വിവാഹം ഇഹലോകത്തെ അതിവർത്തിക്കുന്നു എന്ന സീതയുടെ അഭിപ്രായം ഇളയിടത്തിന്റെ പ്രഭാഷണത്തിന്റെ ഉത്തരഭാഗനിരൂപണത്തിൽ കൂടി പ്രസക്തമാണ്.നമുക്ക് സീതയെ പിന്തുടരാം .തന്റെ അഭ്യർത്ഥന നിരസിക്കപ്പെട്ടപ്പോൾ ,"അത്യന്തം സംവിഗ്നയായ സീത വിപുല വക്ഷസ്സായ രാമനെ പ്രണയത്തോടെയും അഭിമാനത്തോടെയും കുറ്റപ്പെടുത്തിക്കൊണ്ട് പറഞ്ഞു :അല്ലയോ രാമ! വൈദേഹ്യനും മിഥിലാധിപനുമായ എന്റെ  പിതാവ് പുരുഷന്റെ ആകൃതിയിലുള്ള സ്ത്രീയായ അങ്ങയെ തന്റെ മകളുടെ ഭർത്താവായി നേടിയിട്ട് എന്താണ് വിചാരിച്ചത് ?രാമനുള്ള അത്ര തേജസ്സ് ചുട്ടെരിയുന്ന സൂര്യനുമില്ല എന്നിങ്ങനെ ജനങ്ങൾ പറയുന്നത് അറിവില്ലായ്മ മൂലമുള്ള തെറ്റിദ്ധാരണ കൊണ്ടാണ് ".
     അതെ സീത ആദികവിയുടെ മാനസപുത്രി ജനക രാജർഷിയുടെ മകൾ രാമനോടു പറയുന്നതാണ് .സീത പാവയായിരുന്നില്ല തന്റെ ഇച്ഛക്കനുസരിച്ച് പ്രവർത്തിക്കുന്നവളായിരുന്നു എന്നു വ്യക്തമാക്കുന്നു മുകളിലുദ്ധരിച്ച വരികൾ .പുതിയ ശൈലിയിൽ പറഞ്ഞാൽ സീത കര്തൃത്വവതിയായിരുന്നു.സീതയുടെ കർതൃത്വം ആശാന്റെ സൃഷ്ടിയല്ല .ഇളയിടം പറയുന്നപോലെ ചിന്താവിഷ്ട സീതയുടെ രചനക്കു ശേഷം ഒരു ശതാബ്ദം കഴിഞ്ഞ് നവോത്ഥാന മതിലിലൂടെ സൃഷ്ടിക്കപ്പെട്ടതുമല്ല .
       വാല്മീകി ,ആശാനും ഉദീരണം ചെയ്തിട്ടുള്ള അത്യന്തം പുരോഗാമിയായ ഈ ആശയം വിശദമായ പരിഗണന അർഹിക്കുന്നു .ആണധികാരത്തിന്റെ (Patria protestas  ),കുടുംബത്തിലെ ഏറ്റവും മുതിർന്ന  പുരുഷൻ ഇളയപുരുഷന്മാരുടെയും ,ജോലിക്കാരുടെയും ഉടമസ്ഥനാവുന്ന അവസ്ഥയുടെ ആവിഷ്കാരം തന്നെയാണ് മറ്റെല്ലാ പ്രാചീന കാവ്യങ്ങളെ പ്പോലെ രാമായണവും .ഈ വ്യവസ്ഥിതിയിൽ അച്ഛൻ ,അ ദ്ദേഹത്തിന്റെ അഭാവത്തിൽ മൂത്ത ജ്യേഷ്ഠൻ സർവാധികാരിയായി കണക്കാക്കപ്പെടുന്നു .ആണധികാരവ്യവസ്ഥയിൽ ഉടമസ്ഥനായ അധികാരിക്ക് മാത്രമാണ് കർതൃത്വം അവകാശപ്പെടാവുന്നത് .പ്രവർത്തിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവും മാത്രം കൊണ്ട്  കർതൃത്വം പൂർണ്ണമാവുന്നില്ല .എന്ത് എപ്പോൾ എങ്ങിനെ  പ്രവർത്തിക്കണമെന്ന് നിശ്ചയിക്കാനുള്ള സ്വാതന്ത്ര്യമാണ് കർതൃത്വത്തിന്റെ അവശ്യസ്വഭാവം .പിതൃമേധാവിത്തവ്യവസ്ഥയിൽ അത് ആണധികാരിക്ക് മാത്രമേയുള്ളു .എന്നാൽ സീതയാവട്ടെ പൂർണ്ണമായും തന്റെ ഇച്‌ഛാനുസാരിയായി പ്രവർത്തിച്ചവളും സമ്പൂർണമായ കർതൃത്വത്തിനുടമയുമാണ് .വനയാത്രക്ക് കൂടെക്കൊണ്ടുപോകാൻ രാമനെ നിര്ബന്ധിതനാക്കുന്നത് ഒരുദാഹരണം മാത്രമാണ് .ദണ്ഡകാരണ്യത്തിൽ രാക്ഷസ വധ പ്രതിജ്ഞ ചെയ്ത രാമനോട് വിരോധമില്ലാത്തവരെ വധിക്കരുതെന്നാവശ്യപ്പെടുന്നത്,മായാമൃഗത്തിനുവേണ്ടിയുള്ള ,രാമന് അനുസരിക്കാതിരിക്കാൻ കഴിയാത്ത രീതിയിലുള്ള നിർബന്ധം പിടിക്കൽ ,ലക്ഷമണനോടുള്ള പരുഷഭാഷണം ,അപഹരണസമയത്തും ലങ്കയിൽ വെച്ചും രാക്ഷസ രാജാവിനെ നേരിടുന്ന രീതി, യുദ്ധാനന്തരം രാമാനുമായുള്ള സംവാദവും അഗ്നിപ്രവേശവും ,ഇവിടെ ഒരു വിശദീകരണം :അഗ്നിപരീക്ഷ രാമൻ വിധിക്കുന്നതല്ല രാമന്റെ ശകാര വചസ്സുകൾ കേട്ട് തനിക്കൊരു ചിതയൊരുക്കാൻ ലക്ഷ്മണനോട് സീത ആജ്ഞാപിക്കുകയാണ് .അഗ്നിപ്രവേശത്തിനുമുമ്പുള്ള പ്രതിജ്ഞ സീത സ്വയം നിർമ്മിച്ച് ചൊല്ലുന്നതാണ് .സീതയുടെ വാക്കും പ്രവൃത്തിയും സ്വേഛാ പ്രകാരമാണെന്നതിനു നിദർശനങ്ങളാണ് ഇവയെല്ലാം ."ശരി പാവയോയിവൾ "എന്നു ചോദിക്കുന്ന സീത ആശാന്റെയോ ഇളയിടം പറയുന്ന 2019 ലെ "നവോഥാന"ത്തിന്റെയോ സൃഷ്ടിയല്ല എന്നര്ഥം .
     കടന്നു കാണുന്നവൻ ,ക്രാന്തദർശി,ആണ് ഋഷിയായ കവി .വാല്മീകി കടന്നു കണ്ടിരിക്കുന്നു സീതാരാമ ബന്ധത്തിന്റെ കാര്യത്തിൽ .ആണധികാര വ്യവസ്ഥയിൽ സ്വപ്നം കാണാൻ പോലും കഴിയാത്ത തരത്തിലുള്ളതാണ് സീതാരാമ ബന്ധം.വളരെക്കാലത്തിനു ശേഷം Angels ഏകദാമ്പത്യം എന്നു പേരിട്ടു വിളിച്ച ഒരു പുരുഷൻ ഒരു സ്ത്രീ എന്ന കുടുംബ ബന്ധം .പക്ഷേ മുതലാളിത്ത വ്യവസ്ഥയിൽ കൂടി ഏകദാമ്പത്യം ആണധികാരത്തിന്റെ മറ്റൊരു പ്രകടിതരൂപം മാത്രമായിരുന്നു എൻഗൽ സിന്റെ ദൃഷ്ടിയിൽ ;കാരണം ആണധികാരത്തിൽ സ്ത്രീയുടെ കർതൃത്തതിന്റെ സമ്പൂർണ്ണമായ അഭാവം തന്നെ .പക്ഷേ വാല്മീകിയുടെ ഏക ദാമ്പത്യകുടുംബത്തിലെ സ്ത്രീ പൂർണമായും കർത്തൃത്വവതിയാണ്‌ എന്നു നാം കണ്ടുവല്ലോ .രാമായണത്തിൽ ആശാനെ ആകർഷിച്ച പ്രധാന ഘടകവും അതുതന്നെയാണ് .
    വിശുദ്ധമായ സീതാരാമദാമ്പത്യത്തിന്റെ മാഹാത്മ്യം ഇത്രയും കൊണ്ടവസാനിക്കുന്നില്ല .നമുക്ക് ഇളയിടത്തിന്റെ പ്രഭാഷണത്തിന്റെ ഉത്തരഭാഗത്തേക്കു കടക്കാം ."ആശാൻ അങ്ങിനെയിരുന്നെഴുതുകയാണ്
 അയി രാഘവ വന്ദനം ഭവാ
നുയരുന്നുഭുജശാഘ വിട്ടു ഞാൻ
ഭയമറ്റു പറന്നു പോയിടാം
സ്വയമിദ്യോവിലൊരാശ്രയം വിനാ "ഇവിടെയും ഇളയിടം ഒരു തിരുത്തൽ വരുത്തിയിട്ടുണ്ട് .സീതാകാവ്യത്തിലെ 183 ആം ശ്ലോകത്തിന്റെ തുടക്കം 'പ്രിയരാഘവ'എന്നാണ് അത് അദ്ദേഹം 'അയിരാഘവ 'എന്നാക്കിയിരിക്കുന്നു .വളരെ  അർത്ഥഗര്ഭമാണ് ഈ തിരുത്ത് .ലോകത്തിൽ തനിക്കേറ്റവും പ്രിയങ്കരമായത് രാമനാണെന്നു സീത കരുതുന്നു എന്ന ബോദ്ധ്യത്തിലാണ് ആശാൻ ആ 'പ്രിയ 'പദം അവിടെ പ്രയോഗിച്ചത് .ഇളയിടത്തിന്റെ തിരുത്തലിനു കാരണം അദ്ദേഹത്തിന്റെ  തുടർന്നു വരുന്ന വാക്കുകളിൽ നിന്ന് കണ്ടെത്താം .പ്രൊഫെസ്സർ പറയുന്നു ;നിന്റെ തുണയില്ലാതെ ഈ ആകാശപ്പരപ്പിലേക്ക് ഞാനൊറ്റക്ക് പറക്കുന്നു .നിനക്കു വിട .ഭയമറ്റു പറന്നു പോയിടാം ..മനുസ്മൃതി അങ്ങിനെയല്ല കേട്ടോ പെണ്ണിനോടു പറഞ്ഞിരിക്കുന്നത് .പിതാരക്ഷതി ..............എന്ന ആചാരത്തിന്റെ പ്രമാണ വാക്യം അപ്പുറം നിൽക്കുമ്പോഴാണ് ആശാന്റെ സീത പറഞ്ഞത്  ഭയമറ്റു പറന്നു പോയിടാം ..നിന്റെ തുണ വേണ്ട ...ഇതിന്റെ പേരാണ് നവോത്‌ഥാനം "..അല്ല മാഷേ ഇതിന്റെ പേര് ദുർവ്യാഖ്യാനം എന്നാണ് ."പ്രിയ" ഉപേക്ഷിച്ച് അയി കൂട്ടിച്ചേർത്തതുപോലെ തുടർന്നുവരുന്ന ഒരു പ്രധാന ശ്ലോകം ഉദ്ധരിക്കാതെ വിട്ടിരിക്കുകയും ചെയ്തിരിക്കുന്നു ഇളയിടം .
രുജയാൽ പരി പക്വ സത്വനായ്
നിജഭാരങ്ങളൊഴിഞ്ഞു ധന്യനായ്
അജപൗത്ര !ഭാവാനുമെത്തുമേ
ഭജമാനൈക വിഭാവ്യമിപ്പദം ...(185 )
ഞാൻ നേരത്തേ പോകുന്നു ;തന്റെ ഭൂലോകദൗത്യങ്ങളൊക്കെ നിർവഹിച്ച് വ്യക്തിത്വ പൂർണ്ണത പ്രാപിച്ച അങ്ങും  ,ദിവംഗതയായ ഭാര്യയെ പിന്തുടർന്ന് സ്വർഗ്ഗത്തിലെത്തിയ അജമഹാരാജാവിന്റെ പൗത്രനായ അങ്ങും ഇവിടെയെത്തും .നമ്മൾ ഒരുമിച്ചു ചേരും എന്ന് വിവക്ഷ '.ആദിധാമമായ അനഘസ്ഥാനത്ത് 'രണ്ടാത്മാക്കൾക്ക് ഒരുമിക്കാമോ എന്ന ചോദ്യം സംഗതമാണ് .ആ ഒരുമിക്കലിനപ്പുറം ഒരു മോക്ഷത്തെക്കുറിച്ച് സീത ആലോച്ചിട്ടേയില്ല .രാമായണത്തിലെ ആദ്യത്തെ സീതാവാക്യം തന്നെ ,അന്യത്ര ഉദ്ധരിച്ചിട്ടുള്ളത് നോക്കുക :അച്ഛൻ 'അമ്മ ,മറ്റുബന്ധുക്കൾ  ഇവർക്കൊക്കെ അവരവരുടെ ഗതി ഭാര്യാഭർത്താക്കന്മാർക്കൊരു ഗതി ഇഹലോകത്തിലും പരലോകത്തിലും എന്നായിരുന്നു സീതയുടെ അഭിപ്രായം .അവിടെത്തന്നെ 'ഉദകപൂർവം പിതാക്കൾ ആചാരമനുസരിച് ഒരുസ്ത്രീയെ ഏതൊരാൾക്ക് ദാനം ചെയ്യുന്നുവോ അവൾ തന്റെ ധർമ്മം കൊണ്ട് മരണത്തിനു ശേഷവും അയാളുടെ തന്നെ ആയിരിക്കും "(അയോദ്ധ്യാകാണ്ഡം 29 -18 ) എന്ന്പ്രസ്താവിക്കുന്നുണ്ട് സീത .ഭൂമിയിലായാലും സ്വർഗ്ഗത്തിലായാലും താൻ രാമനോടൊപ്പം ജീവിക്കും ,രാമനോടൊപ്പമേ ജീവിക്കു എന്ന് അശോകവനികയിൽ വെച്ച് രാവണനോട്  ഉറപ്പിച്ചു പറയുന്നുണ്ട് സീത.അന്തർദ്ധാനത്തിനു തൊട്ടുമുമ്പുള്ളസീതയുടെ  മൂന്നാമത്തെയും അവസാനത്തെയും പ്രതിജ്ഞാവാക്യം ഇങ്ങിനെ ആയിരുന്നു "യഥയ്തത് സത്യമുക്തം മേ വേദ്‌മി രാമാത് പരം ച ന
                            തഥാ മേ മാധവി ദേവി വിവരം ദാതുമർഹതി "(ഉത്തരകാണ്ഡം 97 -16 ) രാമനിൽ നിന്നപ്പുറമായി താൻ ഒന്നും അറിയുന്നില്ല എന്നത് സത്യമാണെങ്കിൽ .....അത് സത്യമാണെന്നു ഭൂമിദേവി സാക്ഷ്യപ്പെടുത്തുകയും ചെയ്തല്ലോ .അതായത് സീതയുടെ ആത്യന്തികമായ ലക്ഷ്യവും ആശ്രയവും രാമൻ ആയിരുന്നു .രാമനോ ?.സീത കൂടെ ഉണ്ടാവട്ടെ ഇല്ലാതിരിക്കട്ടെസീതയുടെ അന്തർദ്ധാനത്തിനു മുമ്പും പിമ്പും താൻ ഭൂമിയിൽ കഴിഞ്ഞ ദശവർഷ സഹസ്രങ്ങളിലും  ജാനകി തന്നെയായിരുന്നു അദ്ദേഹത്തിന്റെ പത്നി .ഓരോ യാഗത്തിലും കാഞ്ചനിയായ ജാനകിയാണ് പത്നിയായി ഭവിച്ചത് (ഉത്തരകാണ്ഡം 99 -6 ) രുജയാൽ എന്നുതുടങ്ങുന്ന ശ്ലോകത്തിലൂടെ ആത്യന്തികമായ അവരുടെ സംഗമം ആശാൻ ദീർഘദർശനം ചെയ്യുന്നുവെന്ന് നമ്മൾ കണ്ടു കഴിഞ്ഞു .
   അപ്പോൾ 'നിന്റെ തുണ വേണ്ട "എന്നൊക്കെ സീത പറഞ്ഞതായി ഇളയിടം പറയുന്ന വാക്കുകൾ ,ആപ്രഭാഷണമാകെത്തന്നെ   വാല്മീകി രാമായണത്തിന്റെയും ആശാന്റെ സീതാകാവ്യത്തിന്റെയും ആത്മാവിനെ നിഷേധിക്കുന്നതും അപഹസിക്കുന്നതുമാണ് .
      സമ്പൂർണ്ണമായ സ്ത്രീപുരുഷ തുല്യത നിലനിൽക്കുന്ന ,സ്ത്രീ പുരുഷനൊപ്പം കർതൃത്വം കയ്യാളുന്ന ഏകദാ മ്പത്യ കുടുംബമാണ് ലോക കമ്മ്യുണിസ്റ് വ്യവസ്ഥയുടെ ആവിർഭാവം വരെനിലനിൽക്കേണ്ട  ആദർശ കുടുംബ സമ്പ്രദായമെന്ന് Angels പ്രസ്താവിച്ചിട്ടുണ്ട് .ഈ ആശയം ത്രേതായുഗത്തിൽ തന്നെ ഭാവനചെയ്യാനും കാവ്യാവിഷ്കാരം നൽകാനും കഴിഞ്ഞ നിഷാദന്റെ ഉത്പതിഷ്ണുത്വം പണ്ഡിതനായ പ്രൊഫെസ്സർക്ക് മനസ്സിലാവാതെ പോയത് നിഷാദ രചന ശ്രദ്ധാപൂർവം വായിക്കാത്തതു കൊണ്ടാകുമോ ? ആ കാവ്യത്തിലെ നായികയുടെ ചിന്താധാരയ്ക്ക് കേരളീയ വിചാരവിപ്ലവത്തിന്റെ ഉദ്ഗാതാവായ കവി നൽകിയ ഉത്കൃഷ്ടമായ കാവ്യരൂപത്തിൽ  തിരുത്തലുകൾ വേണമെന്നു തോന്നിയത്നവോഥാനത്തെ  കുറിച്ചുള്ളവികല ധാരണകൾ കൊണ്ടാവാം .














































































           









.












         








        
















































അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ