2018 നവംബർ 12, തിങ്കളാഴ്‌ച

ഇരുളിൽ ഒരു ദീപാവലി
--------------------------------------
ദീപാവലി എന്നാൽ പലഹാരമെന്നായിരുന്നു ചെറുപ്പത്തിലെ ധാരണ ;മധുരപലഹാരമെന്നില്ല എന്തെങ്കിലും പലഹാരം .എല്ലാവീട്ടിലും എന്തെങ്കിലും പലഹാരം ദീപാവലി നാളിൽ ഉണ്ടാക്കുമായിരുന്നു .  അതൊരു സന്തോഷകരമായ കാര്യമായിരുന്നു ഞങ്ങൾ കുട്ടികൾക്ക്.സന്ധ്യക്ക് മിക്കവീടുകളിലും ദീപങ്ങൾ തെളിക്കുകയും ചെയ്തിരുന്നു ;പടക്കവും കമ്പിത്തിരിയുമൊന്നും പക്ഷെ പതിവുണ്ടായിരുന്നില്ല .
    വെളിച്ചത്തിന്റെയും ശബ്ദങ്ങളുടെയും ആഘോഷമാണ് ദീപാവലി എന്നു മനസ്സിലാലായത് കോളേജ് പഠനത്തിന് തിരുവനന്തപുരത്തെത്തിയപ്പോഴാണ് .കടുത്ത ശബ്ദങ്ങൾ അലോസരമുണ്ടാക്കിയിരുന്നെങ്കിലും പൂത്തിരികൾ വെളിച്ചം പരത്തുന്ന രാത്രികൾ ആഹ്ളാദകരങ്ങളായിരുന്നു .പക്ഷേ ഹോസ്റ്റലിൽ ചില വിരുതന്മാർ നടത്തിയിരുന്ന കുളിമുറിയിലെ പടക്കം പൊട്ടിക്കൽ പോലുള്ള പരിപാടികൾ ആ അനുഭവത്തിന്റെ ശോഭ കെടുത്തിയിരുന്നതായും ഓർക്കുന്നു .
        ഒരു ഉത്തരേന്ത്യൻ ദീപാവലി അനുഭവം മനസ്സിൽ മായാതെയുണ്ട് .രണ്ടു കൊല്ലം മദ്ധ്യ പ്രദേശിലെ ഒരു കേന്ദ്രീയ വിദ്യാലയത്തിൽ ജോലിചെയ്തിരുന്നു എന്റെ ഭാര്യ ,താപ്തിനദി യുടെ ഉത്ഭവ സ്ഥാനത്തിനടുത്തുള്ള മലഞ്ചെരുവിലെ ചെറിയ പട്ടണത്തിൽ .അവിടെ നിന്ന് കൊച്ചി റിഫൈനറിസ്‌കൂളിലെ ജോലി ഏറ്റെടുക്കാൻ യാത്രപുറപ്പെട്ടത് ഒരുദീപാവലി രാത്രിയിലാണ്  വെളുപ്പിനെത്തുന്ന ജയന്തിജനത കാത്ത് ഞങ്ങൾ രാത്രിമുഴുവൻ റെയിൽവേ സ്റ്റേഷനിലിരുന്നു .നഗരവും ചുറ്റുമുള്ള ഗ്രാമങ്ങളും പൂത്തിരികൾ കത്തിച്ച് ദീപാവലി ആഘോഷിക്കുകയായിരുന്നു .കാത്തിരിപ്പിനൊടുവിൽ അറിയിപ്പ് 'കൊച്ചിൻ  ഹാർബർ ടെര്മിനസിലേക്കും  മംഗലാപുരത്തേക്കും പോകുന്ന ജയന്തി ജനത എക്സ്പ്രസ്സ് യാത്ര പുറപ്പെടുകയായി '.നേരിയ മഞ്ഞിന്റെ മേൽമുണ്ടണിഞ്ഞ്  ഭൂമിയിലും ആകാശത്തും ദീപക്കാഴ്ചകളൊരുക്കി  സാത്പുരയുടെ താഴ്വര ഞങ്ങൾക്ക് യാത്രാ മംഗളം നേർന്നു 'ശുഭയാത്ര '
               ജീവിക്കാൻ വേണ്ടിയുള്ള ഓട്ടപ്പാച്ചിലായിരുന്നു പിന്നീട് ;ആഘോഷങ്ങൾക്കൊന്നും സമയമുണ്ടായിരുന്നില്ല .ഓണം പോലും ചടങ്ങായി മാറിയിരുന്നു .പക്ഷെ ഞാൻ പങ്കെടുക്കാതിരുന്ന ഒരു ദീപാവലി ആഹ്‌ളാദം പകർന്നുകൊണ്ട് ഇപ്പോഴും മനസ്സിൽ നിൽക്കുന്നു .
പത്തിരുപതു കൊല്ലം മുമ്പാണ് ഒരു നവംബറിൽ  പൂണിത്തുറ പ്രദേശത്തുള്ള ഒരു റോഡിലെ റെസിഡെന്റ്സ്  അസോസ്സി യേഷൻ ഉദ്ഘാടനം ചെയ്യാൻ .പോയി ..ഉദ്ഘാടനം ചെയ്യപ്പെടുന്ന സംഘം പ്രവർത്തിച്ചു തുടങ്ങി എന്ന് അവരുടെ പ്രസിഡന്റ്‌ പാസ്ടർ തോമസ് പറഞ്ഞു .തീവ്ര വിശ്വാസികളായ ഒരു പെന്ത ക്കോസ്തു വിഭാഗത്തിലെ മുഖ്യ ഉപദേ ശിയാണു പാസ്റ്റർ .അദ്ദേഹത്തിന്റെ വീടിന്റെ മുകൾനിലയിലുള്ള പ്രാർഥനാ ഹാളിൽ വെച്ചായിരുന്നു മീറ്റിംഗ് .അസോസിയേഷൻ പ്രവർത്തനം തുടങ്ങിയത് ഏതാനും ദിവസം മുമ്പ് ദീപാവലി നാൾ എല്ലാ വീടിന്റെ മുമ്പിലും ചെരാതുകൾ കത്തിച്ചു കൊണ്ടായിരുന്നുവെന്നും  പാസ്ടർ പറഞ്ഞു .ഒരു തരത്തിലുള്ള പ്രതീകാത്മക ആരാധനകളിലും വിശ്വസിക്കാത്ത ,മെഴുകുതിരി പോലും കൊളുത്താത്ത ഒരു മത വിഭാഗത്തിന്റെ മുഖ്യ പ്രചാരകനാണ് അതിനു മുൻകയ്യെടുത്തതെന്നു കേട്ടപ്പോൾ എനിക്ക് അമ്പരപ്പ് തോന്നി ഒപ്പം ആഹ്‌ളാദവും  .
എനിക്ക് കാര്യമായൊന്നും അന്ന് സംസാരിക്കാൻ കഴിഞ്ഞില്ല .'നിങ്ങൾ ഒരു തിരി തെളിച്ചപ്പോൾ ഒരായിരം  മനസ്സിലെ ഇരുട്ടാണ്‌ അകലുന്നത് .ഒരു പാടു തിരികൾ മനസ്സുകളിലെ ഇരുട്ടകറ്റി കൊണ്ട് തെളിഞ്ഞു കത്തട്ടെ 'എന്നൊ ക്കെയാണ് ഞാൻ പറഞ്ഞത് .അതവർക്ക് ഇഷ്ടപ്പെടുകയും ചെയ്തു . 'മണ്‍ ചിരാതുകൾ തോറും വിണ്ണിനെ ചൂണ്ടി കത്തുമാശ്രമ വിളക്കുകൾ'കൊളുത്തിയ ഋഷി വര്യന്മാരെ ഓർമ്മിപ്പിക്കുന്നു പാസ്റ്ററും സംഘവും മനസ്സുകളിൽ ഇരുൾ നിറയുന്ന ഈ കാലത്തും .
       കമ്പിത്തിരി കത്തിച്ച് ദീപാവലി ആഘോഷിച്ചു ഞങ്ങൾ ഇക്കുറി അമേരിക്കയിൽ വെച്ച് .ആ സമയത്തു തന്നെയായിരുന്നു ടി വിയിൽ ശബരിമല ലൈവ് കാണിച്ചു കൊണ്ടിരുന്നതും.ശരണം വിളികൾ കൊണ്ടു  മുഖരിതമായിരുന്നു എന്റെ  വൃശ്ചിക പുലരികൾ ബാല്യ കൗമാരങ്ങളിൽ .മലയിട്ടയാൾ അയ്യപ്പനും മറ്റുള്ളവ ,മനുഷ്യർ, ജീവജാലങ്ങൾ, അചേതന വസ്തുക്കൾ എല്ലാം സ്വാമിമാരുമാവുമായിരുന്നു അന്ന് .മറ്റു ഭക്തന്മാരിൽ നിന്ന് ശബരിമല അയ്യപ്പന്മാർക്കുള്ള വ്യത്യാസവും അതായിരുന്നു .പക്ഷെ ഇക്കഴിഞ്ഞ ദിവസം ശബരിമലയിൽ കണ്ടത് ആ സങ്കല്പവുമായി പൊരുത്തപ്പെടുന്നതായിരുന്നില്ലല്ലോ .വെളിച്ചത്തിന്റെ ഉത്സവം ആഘോഷിക്കുമ്പോഴും മനസ്സിൽ മൂടലുണ്ടായിരുന്നു .
       അല്പം ആശ്വാസം തോന്നിയത് ഹരിവരാസനം കേട്ടപ്പോളാണ് .സന്നിധാനത്ത് അവശേഷിച്ചിരുന്നവർ പോലീസ് അയ്യപ്പന്മാരുൾപ്പെടെ നിശ്ശബ്ദരായി ശ്രദ്ധാലുക്കളായി നിശ്ചലരായി നിന്നു .അന്തരീക്ഷത്തിൽ ലോകത്തിലെ ഏറ്റവും മനോഹരമായ പുരുഷ ശബ്ദത്തിൽ അയ്യപ്പൻറെ ഉറക്കു പാട്ട് .വിളക്കുകൾ ഓരോന്നായി അണഞ്ഞു .കലിയുഗ വരദന്റെ യോഗനിദ്ര 
     ഒരു സുപ്രഭാതത്തിലേക്കാവട്ടെ അയ്യപ്പൻ പള്ളിയുണരുക 











        

           





















     


2018 നവംബർ 8, വ്യാഴാഴ്‌ച

8-11-2018നോട്ടു നിരോധനത്തിന്റെ രണ്ടാം വാർഷികം .അത് അവശ്യംവേണ്ട ഒരു നടപടിയായിരുന്നുവെന്നു  രണ്ടു കൊല്ലം മുമ്പ് ഏതാണ്ടിതേസമയത്ത് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം കേട്ടപ്പോൾ തോന്നി .ഇപ്പോഴും അത് തന്നെ തോന്നുന്നു .ഇന്ദിരാജിയുടെ ബാങ്ക് ദേശസാൽക്കരണത്തിനു ശേഷം ഇന്ത്യ കണ്ട ഏറ്റവും വിപ്ലവകരമായ സാമ്പത്തിക നടപടിയാണ് അത് .ഇതു രണ്ടും ദീർഘകാലാടിസ്ഥാനത്തിൽ നമ്മുടെ സമ്പദ്‌വ്യവസ്ഥയെ സ്വാധീനിച്ചു കൊണ്ടിരിക്കും .എല്ലാ പണമിടപാടും കണക്കിൽ പെടുമെന്ന് തീർച്ചയുള്ള ഒരു സാമ്പത്തിക സമ്പ്രദായം ഉണ്ടാകുമ്പോഴേ നമ്മൾ പരിഷ്കൃതരാണെന്നഭിമാനിക്കാൻ കഴിയു .കള്ളപ്പണത്തിന്റെ സമൃദ്ധി വിഷമയമാണ് .അത് തുടച്ചു നിൽക്കുന്നതിന് ഒരു വിലയും അധികമല്ല .
      വോട്ടും സീറ്റും നോക്കാതെ  ശരിയാണെന്നു ബോദ്ധ്യമുള്ള കാര്യങ്ങൾ നടപ്പാക്കുകയാണ് സ്വധർമ്മമെന്നു കരുതുന്ന ഭരണാധികാരിയോട് അതു മുഖ്യമന്ത്രിയായാലും പ്രധാന മന്ത്രിയായാലും എനിക്ക് ബഹുമാനമാണ് ;കോടിയുടെ നിറം അവിടെ പ്രസക്തമേയല്ല


2018 നവംബർ 3, ശനിയാഴ്‌ച

നിഷേധിയെ ഓർമ്മിക്കുമ്പോൾ
---------------------------------------------------
പതിനഞ്ചു വര്ഷം മുമ്പ് കൃത്യമായി പറഞ്ഞാൽ 2003 നവംബർ 3 പൂർവാഹ്നത്തിൽ ഈപ്പച്ചൻ(Eapen Ninan )ഫോണിൽ  വിളിച്ചു ചോദിച്ചു ,പ്രസാദ് സാർ മരിച്ച വിവരം സാർ അറിഞ്ഞോ എന്ന് .വാർത്ത തീരെ അപ്രതീക്ഷിതമായിരുന്നില്ല .നരേന്ദ്രപ്രസാദ് ഗൗരവമുള്ള രോഗം ബാധിച്ച് ആശുപത്രിയിലായിരുന്നുവെന്നെനിക്കറിയാമായിരുന്നു .
             1961 ജൂൺ മാസത്തിൽ പന്തളം എൻ എസ് എസ് കോളേജിന്റെ പോർട്ടിക്കോയിൽ വെച്ചാണ് ഞാൻ നരേന്ദ്ര പ്രസാദിനെ ആദ്യം കാണുന്നത് .അവിടെ പ്രീ യൂണിവേഴ്സിറ്റി ക്ക് ചേർന്നതായിരുന്നു ഞങ്ങൾ .അതിനു മുമ്പ് തന്നെ ഞങ്ങൾക്ക് പരസ്പരം കേട്ടറിവുണ്ടായിരുന്നു .എന്തായാലും അക്കാലത്തു ഞങ്ങൾ വളരെയൊന്നും അടുത്തിടപഴകിയിരുന്നില്ല .പ്രീ കഴിഞ്ഞ് രണ്ടു കോളേജുകളിലായി ,വളരെ വിരളമായേ വിദ്യാഭ്യാസ കാലത്തു ഞങ്ങൾ തമ്മിൽ കണ്ടിരുന്നുള്ളൂ .എന്നാൽ പിന്നീട് ജോലി കിട്ടി തിരുവനന്തപുരത്തെത്തിയ ഞങ്ങൾ ഇടയ്ക്കിടെ കാണുകയും സംസാരിക്കുകയും പതിവായി .വാസുവണ്ണന്റെ (അന്തരിച്ച ശ്രീ കളർകോട് വാസുദേവൻ നായർ )വീട്ടിൽ വെച്ചും കോഫീ ഹൌസിൽ വെച്ചും  മറ്റും .മിക്കവാറും സാഹിത്യം മാത്രമായിരുന്നു ഞങ്ങളുടെ ചർച്ചാ വിഷയം .രാഷ്ട്രീയ ചർച്ചകളിൽ വിമുഖനായിരുന്നു പ്രസാദ് .വീട്ടു കാര്യങ്ങൾ തീരെ ഒഴിവാക്കിയിരുന്നു .
   എഴുതാൻ തുടങ്ങിയിരുന്നു പ്രസാദ് അക്കാലത്തു തന്നെ .വലിയ രചനകൾ പ്രോമിസ് ചെയ്യുന്നുണ്ട് പ്രസാദ് എന്ന് അന്ന് വാസുവണ്ണൻ പറയാറുണ്ടായിരുന്നു .
       താമസിയാതെ ഞങ്ങൾ രണ്ടു വഴിക്ക് പിരിഞ്ഞു .ഞാൻ എറണാകുളത്തിന് പോയി .പ്രസാദ് സാഹിത്യ വിമര്ശകനായി ,നാടക കൃത്തും നാടക സംവിധായകനുമായി ,സ്കൂൾ ഓഫ് ലെറ്റേഴ്സിന്റെ മേധാവിയായി ,പരിചയക്കാരെ ഒക്കെ അമ്പരപ്പിച്ചു കൊണ്ട് സിനിമാ നടനായി .ഇടയ്ക്ക് വല്ലപ്പോഴും കാണുമ്പോഴൊക്കെ തുറന്ന ചിരിയോടെ കുശലം പറയാൻ മടിച്ചിരുന്നില്ല പ്രസാദ് .ഏറ്റവും ഒടുവിൽ കണ്ടത് എറണാകുളം പബ്ലിക് ലൈബ്രറി ഹാളിൽ വെച്ചായിരുന്നു ഫെമിനിസ്റ്റുകളുടെ ഒരു മീറ്റിംഗിലെ ക്ഷണിക്കപ്പെട്ട ഒരു സദസ്യനായിരുന്നു ഞാൻ .ചടങ്ങിലെ മുഖ്യാതിഥി അപ്പോഴേക്കും സിനിമാ നടനായിക്കഴിഞ്ഞിരുന്ന നരേന്ദ്ര പ്രസാദായിരുന്നു .നേരില്കാണാനോ സംസാരിക്കാനോ ശ്രമിച്ചില്ല എന്ന് കുറ്റബോധത്തോടെ ഞാൻ ഓർക്കുന്നു .പിന്നീട് വെള്ളിത്തിരയിലേ പ്രസാദിനെ ഞാൻ കണ്ടിട്ടുള്ളു .
          മലയാള ആധുനികതയുടെ നിരൂപകരിൽ പ്രഥമ ഗണനീയൻ നരേന്ദ്രപ്രസാദ് ആണെന്നാണ് എന്റെ അഭിപ്രായം .അപ്പൻ ,രാജകൃഷ്ണൻ ,രാജീവൻ ഇവരോടൊക്കെ യാതൊരനാദരവുമില്ലാതെയാണിതു പറയുന്നത് .കാരണമുണ്ട് .സാഹിത്യ സാമൂഹ്യ രംഗങ്ങളിലെ ഗതാനുഗതികത്വത്തെ നിഷേധിച്ചു കൊണ്ടും നിശിതമായി വിമര്ശിച്ചുകൊണ്ടുമാണ് പ്രസാദ് രംഗത്തെത്തിയത് .താൻ കൂടി വളർത്തിയെടുത്ത ആധുനികതാ പ്രസ്ഥാനം സ്വയം ഒരു യാഥാസ്ഥിതികത്വം ആയി മാറുന്നുവെന്നു തോന്നിയപ്പോൾ അതിനെയും നിർദ്ദയമായി വിമർശിക്കാൻ അദ്ദേഹം മടിച്ചില്ല .ആധുനികതയുടെ ചുവന്ന വാൽ  തുടങ്ങിയ ലേഖനങ്ങൾ നോക്കുക .നാടകത്തിലെയും ആധുനികതയുടെ കപടമുഖങ്ങളെ നിശിതമായി വിമർശിക്കാനും തുറന്നു കാട്ടാനും നരേന്ദ്രപ്രസാദ് മടിച്ചില്ല .സാമൂഹ്യ വിമര്ശനത്തിലാവട്ടെ ,'ജാതി പറഞ്ഞാലെന്ത് ?എന്നുറക്കെ ചോദിക്കുവാൻ നരേന്ദ്രപ്രസാദ് ധൈര്യം കാണിച്ചു  .
     നരേന്ദ്രപ്രസാദ് സ്വയം നിഷേധി എന്നു വിളിച്ചു .നിഷേധികളെ മനസ്സിലാക്കുക എന്നു കല്പിച്ചു .സിനിമയിൽ മാത്രം പ്രസാദ് അദ്ദേഹം തന്നെ ഇടയ്ക്കിടെ പറയാറുണ്ടായിരുന്നതു പോലെ വേതനം പറ്റുന്ന ഒരു തൊഴിലാളി മാത്രമായിരുന്നു .ഒരു പുതിയ സിനിമക്ക് വേണ്ടി അദ്ദേഹം ശ്രമിച്ചില്ല.
       സാഹിത്യം സാമൂഹ്യ ശാസ്ത്രം  നാടക രചന സംവിധാനം ,സിനിമ ഈ ഭൂമികകളിലൂടെ ഈ നിഷേധി നടത്തിയ തേരോട്ടങ്ങളെ സമഗ്രമായി പഠനവിധേയമാക്കണമെന്നും രേഖപ്പെടുത്തണമെന്നും ഒരാഗ്രഹം ഞാൻ കുറേനാളായി വെച്ചുപുലർത്തുന്നു ..ഒരു പഴയ പരിചയക്കാരന്റെ സ്മരണാഞ്ജലിയായി .ആഗ്രഹങ്ങൾ കുതിരകളായിരുന്നുവെങ്കിൽ ……

 























.

2018 ഒക്‌ടോബർ 30, ചൊവ്വാഴ്ച

ക്രിട്ടിക് ഓഫ് പൊളിറ്റിക്കൽ എക്കണോമി എന്ന കൃതിയുടെ ആമുഖത്തിൽ മാർക്സ് പറയുന്നുണ്ട് 'നിയമങ്ങളും ആചാരങ്ങളും സാമൂഹ്യമായ ഉപോല്പന്നങ്ങളാണെന്ന് (cults and laws are social by-products ) .സാമൂഹ്യപുരോഗതിയുടെ ഓരോ ഘട്ടത്തിലും അപ്പോഴത്തെ വ്യവസ്ഥിതിയുടെ നിലനില്പിനാവശ്യമായ നിയമങ്ങളെപ്പോലെ തന്നെ ആചാരങ്ങളും നിലവിൽ വന്നിട്ടുണ്ടാകും .അവയിലേതെങ്കിലും സാമൂഹ്യ പ്രക്രിയക്ക് തടസ്സമാവുന്നു എന്ന് വരുമ്പോൾ അവ മാറ്റപ്പെടും സാമൂഹ്യ പ്രക്രിയയിലൂടെ തന്നെ .ചുരുക്കത്തിൽ സാമൂഹ്യമായി നിർണയിക്കപ്പെടുന്നത് സാമൂഹ്യമായിത്തന്നെ സാമൂഹ്യപ്രക്രിയയിലൂടെയേ മാറ്റാൻ കഴിയൂ .ഭരണകൂടത്തിന്റെയും കോടതിയുടെയും മറ്റും പ്രവർത്തനങ്ങൾ ആ പ്രക്രിയയുടെ  ഒരു ഭാഗം മാത്രമാണ് .സമൂഹത്തിനെ മാറ്റങ്ങൾക്ക് പ്രാപ്തമാക്കുന്ന പ്രക്രിയയെ നമ്മൾ നവോത്ഥാനം എന്ന് വിളിക്കുന്നു .അതിനു നേതൃത്വം കൊടുക്കുന്നവരെ നവോത്ഥാന നായകർ എന്നും .ഭരണകർത്താക്കളും ന്യായാധിപന്മാരും ഇവർക്ക് പിന്നാലെയാണ് രംഗത്തു വരേണ്ടത് . റാം മോഹൻ റോയിക്ക് പിന്നാലെ ബെന്റിക് പ്രഭുവും അയ്യൻകാളിക്ക് പിന്നാലെ തിരുവിതാംകൂർ ഭരണ കൂടവും വന്നത് പോലെ

2018 ഒക്‌ടോബർ 16, ചൊവ്വാഴ്ച

ദേവാസുരം
അമ്മയുടെ പ്രസിഡന്റ് നടിമാർ എന്നാണു ഞങ്ങളെ വിശേഷിപ്പിച്ചത് മൂന്നു പേരുകൾ പറയാൻ അയാൾക്ക് ...അങ്ങേർക്ക് കഴിയാത്തതെന്താണ് ---w cc യുടെ നേതാവ്  ചോദിക്കുന്നു ,വികാരഭരിതയായി  കുപിതയായി ഹ ർട്   ആയി (അവരുടെ തന്നെ വാക്കുകൾ ) താങ്കളും പേര് പറഞ്ഞില്ലല്ലോ .എന്ന് മാത്രമല്ല പൊതുവേദിയിലെ  മര്യാദ അനുസരിച്ച് അദ്ദേഹമെന്ന് പോലും പറഞ്ഞില്ല .ആ നിലക്ക് പ്രസിഡന്റിനെ കുറ്റം പറയുന്നതിൽ എന്തർത്ഥം ?(മുൻ ഫീൽഡ് മാർഷൽ സ്വയം പട്ടാളക്കാരൻ(soldier)  എന്നാണു വിശേഷിപ്പിച്ചിരുന്നത് )
   തൊഴിലെടുത്തു ജീവിക്കാനുള്ള അവകാശം എല്ലാവർക്കുമുണ്ട് .കുറ്റാരോപണം അതിനു തടസ്സമല്ല ആരോപിതനായ നടനെ വെച്ച് സിനിമ ചെയ്യുന്നത് പാപമാണെന്നു പറയുന്നവർ സ്വന്തം വാദ ഗതികളെ തന്നെ നിരാകരിക്കുകയാണ് .
      ഒരു സംഘടനയിൽ നിന്ന് തെറ്റിപ്പിരിഞ്ഞു പോകുന്നവർക്കു മാത്രമല്ല അഭിപ്രായ സ്വാതന്ത്ര്യം ഭരണ ഘടന വാഗ്ദാനം ചെയ്തിരിക്കുന്നത് .സംഘടനയിൽ തന്നെ നിൽക്കുന്നവർക്കും അഭിപ്രായം പറയാം .അവരെല്ലാം ആരുടെയെങ്കിലും താളത്തിനൊത്തു തുള്ളുന്നവരും ഞങ്ങൾ മാത്രം അഭിപ്രായ ധീരരാരും എന്ന് പറയാൻ നിങ്ങള്ക്ക് സ്വാതന്ത്ര്യമുണ്ട് .അതു ബാലിശമാണെന്നു പറയാൻ ഞങ്ങൾക്കും

2018 ഒക്‌ടോബർ 11, വ്യാഴാഴ്‌ച

ഇറങ്ങിയ കാലത്ത് മിസ് ചെയ്ത നല്ല സിനിമകളിലൊന്നാണ് 'ഓർമക്കായി '.കഴിഞ്ഞ ദിവസം വിജയൻറെ എഫ് ബി കുറിപ്പിൽ ആ സിനിമയെ കുറിച്ചു പറഞ്ഞിരുന്നല്ലോ .യു ട്യൂബിൽ ഇന്ന് അതു കണ്ടു .നല്ല സിനിമ .ഗോപിയുടെയും മാധവിയുടെയും വേണുവിന്റെയും മികച്ച അഭിനയം .പക്ഷെ ഈ കുറിപ്പ് ആ സിനിമയെ കുറിച്ചല്ല  .എൺപതുകളിലെ സിനിമകൾ വീണ്ടും കാണുമ്പോൾ മനസ്സിൽ തോന്നുന്ന മറ്റൊരു കാര്യം പറയട്ടെ
     മലയാള സിനിമാ രചയിതാക്കളുടെ കാര്യം പറയുമ്പോൾ എം ടി ,പത്മ രാജൻ എന്നീ പേരുകൾ കഴിഞ്ഞാൽ നമ്മൾ നേരെ ലോഹിതദാസിലേക്കു പോവുകയാണ് പതിവ് .യാത്ര ,മിഴിനീർപ്പൂക്കൾ ,രചന തുടങ്ങിയ നിരവധി മികച്ച ചിത്രങ്ങളുടെ രചയിതാവായ ജോൺ പോളിനെ എന്തുകൊണ്ടോ നമ്മൾ ഓർക്കാറില്ല .സോഷ്യൽ സിനിമകൾ കൂടാതെ അതിരാത്രം എന്ന അതീവ ജനപ്രീതി നേടിയ ഒരു ആക്ഷൻ ചിത്രവും അദ്ദേഹത്തിന്റെ പേരിലുണ്ട് .ഓർമക്കായി എഴുതിയതും ജോൺ പോളാണ് ..നമ്മുടെ മുൻ നിര തിരക്കഥാകൃത്തുക്കളുടെ കൂട്ടത്തിലാണ് ജോൺ പോളിന്റെയും സ്ഥാനം


2018 ഒക്‌ടോബർ 4, വ്യാഴാഴ്‌ച

രാജാവിന്റെ മകനും മറ്റും
--------------------------------------------

ഞാൻ കണ്ടിട്ടുള്ളതിൽ  വെച്ച്  ഏറ്റവും നല്ല സിനിമകളിൽ ഒന്നാണ് തമ്പി കണ്ണന്താനം സംവിധാനം ചെയ്ത ,മോഹൻലാൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച രാജാവിന്റെ മകൻ .കഴിഞ്ഞ ഏഴെട്ടു കൊല്ലങ്ങളിൽ ലോകത്തിലെ പേരുകേട്ട ഒട്ടനവധി സിനിമകൾ കാണാൻ എനിക്കവസരമുണ്ടായി .ഇപ്പോഴും ഞാൻ പറയുന്നു ഞാൻ കണ്ടിട്ടുള്ളതിൽ ഏറ്റവും മികച്ച സിനിമകളിലൊന്നാണ് രാജാവിന്റെ മകൻ .അതൊരു മികച്ച സിനിമയാവുന്നത് എന്തുകൊണ്ടെന്നും വിശദീകരിക്കാം .
    ഒരു അധോലോകനായകൻ എന്നതല്ല അതിലെ മുഖ്യ കഥാപാത്രത്തിന്റെ സവിശേഷത .കൊല്ലും കൊലയും കൊണ്ട് സമ്പത്തും അധികാരവും നേടിയിട്ടും ആഗ്രഹിച്ചത്-സമാധാനപൂർണമായ ഒരു ജീവിതം -കിട്ടാതെ പോയ ഒരു യുവാവിന്റെ ആത്മ സംഘർഷങ്ങളുടെ കഥയാണ് ഈ സിനിമയിൽ ആവിഷ്കരിക്കപ്പെട്ടിരിക്കുന്നത് .കുട്ടിയെ തട്ടിക്കൊണ്ടുപോയവരുമായുള്ള സംഘട്ടനം മുതൽ രാഷ്ട്രീയ നേതൃത്വവുമായുള്ള മത്സരം വരെയുള്ളതെല്ലാം ഈ മുഖ്യ ഭാവത്തിന്റെ ഉദ്ദീപന വിഭാവങ്ങളാണ് ,നായികയുടെ പൂർവകഥ ഉൾപ്പെടെ .അർത്ഥവത്തായ ദൃശ്യങ്ങളിലൂന്നിയുള്ള ചടുലമായ ആഖ്യാനം ചിത്രത്തെ അത്യന്തം ഹൃദയകാരിയാക്കിയിരിക്കുന്നു .രാജാവിന്റെ മകന് നല്ലചിത്രത്തിനും അതിന്റെ സംവിധായകൻ തമ്പി കണ്ണന്താനത്തിനു നല്ല സംവിധാനത്തിനും ഉള്ള അവാർഡുകൾ കിട്ടാത്തതിനു കാരണം നമ്മുടെ സിനിമാ  പണ്ഡിതന്മാരുടെ അന്ധവിശ്വാസമാണ് ;റേ ചിത്രങ്ങളെയോ പടിഞ്ഞാറൻ ന്യൂ വേവ് സിനിമകളെയോ അനുകരിച്ച് നിർമ്മിക്കപ്പെടുന്ന സിനിമകൾ മാത്രമേ അവാർഡ് അർഹിക്കുന്നുള്ളു എന്ന അന്ധവിശ്വാസം .
    തമ്പി കണ്ണന്താനം വിടപറഞ്ഞ വാർത്ത കേട്ടപ്പോൾ മനസ്സിൽ തോന്നിയ കാര്യങ്ങൾ എഴുതിപ്പോയതാണ് .നന്ദി സുഹൃത്തേ എട്ടു പത്തു പ്രാവശ്യം കണ്ടിട്ടും വീണ്ടും കാണണമെന്ന തോന്നലുണ്ടാക്കുന്ന ആ മനോഹര സിനിമയ്ക്ക് ,ഭേദപ്പെട്ട മറ്റു കുറെ ചിത്രങ്ങൾക്കും .