2015 മേയ് 19, ചൊവ്വാഴ്ച

"എത്ര വളർന്നു നീ പത്നിയായ് അമ്മയായ്
എത്ര പിന്നിട്ടു വഴിത്തിരിവെങ്കിലും
നിന്നിലെ നിത്യ കൌമാരയാം മറ്റൊരു
നിന്നെയാണങ്ങു ഞാൻ കാണ്മതു മത്സഖി "
(ചോറുണ് -ഓ എൻ  വി )
                                                                       ഒഴിവുകാലം  -------                                                                                                                                 'ഇനിയും എത്രയോ കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ട് എന്ന ഭാവത്തിൽ ധൃതി പിടിച്ചോടുന്ന ജന സഞ്ചയം   'എന്ന എം സുകുമാരന്റെ  വാക്യം നമ്മുടെ ഇടത്തരക്കാരെ ക്കുറിച്ചുള്ള സത്യ സന്ധ മായ ഒരു വിവരണമാണ് ;എന്തായാലും ഞങ്ങളുടെ കാര്യത്തിൽ അതങ്ങിനെയായിരുന്നു, ഇപ്പോഴും അങ്ങിനെയാണ് ;നിർത്താത്ത ഓട്ടം 1975 ഇൽ ഒരുമിച്ചു ജീവിക്കാൻ തുടങ്ങിയതു മുതൽ ഇന്ന് വരെ .അതിനിടെ ഓർക്കാപ്പുറത്ത് കിട്ടിയ ഒരിട വേളയെ ക്കുറി ച്ചാണ് ഇനി പറയാൻ പോകുന്നത് .
    ഭാര്യക്ക് പൈതൃകമായി കിട്ടിയ വീട് ,ഓടിട്ട മച്ചുള്ള പഴയ കെട്ടിടം അതേ പടി നന്നാക്കി നില നിർത്തണമെന്നൊരാഗ്രഹം കുട്ടികൾ പ്രകടിപ്പിച്ചിരുന്നു .അവർ സഹോദരീ സഹോദരന്മാരുടെ കുട്ടികൾ കളിച്ചു വളർന്ന വീടാണല്ലോ അത് .എങ്കിൽ അതങ്ങിനെയാവട്ടെ എന്ന് തീരുമാനിച്ചാണ് ഏപ്രിൽ 5 നു ഏറണാകുള ത്തെ വീടു പൂട്ടി ഞങ്ങൾ മാവേലിക്കരക്ക് പോയത് .പണി ഈ രംഗത്ത് പ്രവർത്തിക്കുന്ന ഒരു യുവ സുഹൃത്തിനെ ഏൽപ്പിച്ചതോടെ ആ കാര്യത്തിലുള്ള ഞങ്ങളുടെ ഉത്തരവാദിത്വം കഴിഞ്ഞു .ഞങ്ങളുടെ സാന്നിദ്ധ്യം മാത്രം മതിയായിരുന്നു പിനീടാ കാര്യത്തിൽ .പണി നടക്കുന്ന വീട്ടിൽ തന്നെ താമസിക്കുന്നതിനു ബുദ്ധി മുട്ടുണ്ടായിരുന്നില്ല .ഏറെ ക്കാലമായി അടഞ്ഞു കിടന്നിരുന്ന അവിടെ ആധുനിക ജീവിത സൗകര്യങ്ങളൊ ന്നും  ഉണ്ടായിരുന്നില്ല .ടിവി കംപ്യുട്ടർ ഇന്റർനെറ്റ്‌ ലാൻഡ് ഫോണ്‍ അങ്ങിനെയൊന്നും .വൈദ്യുതി വെള്ളം വിറ കടുപ്പ് ഒരു പഴയ ട്രാന്സിസ്ടർ റേഡിയോ ഇതൊക്കെയുണ്ടായിരുന്നു .ടിവിയും നെറ്റും ഇല്ലാത്തതു കൊണ്ടു തന്നെ സമയം ധാരാളം .അതു കൊണ്ട് വളരെ വർഷങ്ങൾക്കു ശേഷം മാവേലിക്കര അമ്പലത്തിലെ ഉത്സവം മുഴുവൻ കാണാൻ കഴിഞ്ഞു .
   രണ്ടാം ഉത്സവത്തിൻ നാളാണ് ഞങ്ങളെത്തിയത് .അന്നു മുതൽ തന്നെ ഏതാണ്ടെല്ലാ പരിപാടിക്കും ഞങ്ങൾ കാഴ്ചക്കാരായി ..പ്രത്യേകിച്ചും വേലകളി പോലെ കുട്ടികളെ കൂടുതൽ ആകർഷിക്കുന്ന പരിപാടികൾ ക്ക് .എന്റെ ഭാര്യ വളരെ വര്ഷം പിന്നിലേക്ക് പോയതു പോലെ . .സ്വതവേ ഗൌരവ ബുദ്ധിയായി മാത്രം കണ്ടിട്ടുള്ള ആളുടെ ശൈശവത്തിലേക്കുള്ള ഭാവ പകർച്ച എനിക്ക് കൗതുക കരമായി തോന്നി .
     പഴയ പോലെ വലിയ ആൾക്കൂട്ടമൊന്നും ഉത്സവ പ്പറ മ്പുകളിൽ ഇപ്പോളില്ല .പലരും ചടങ്ങിനു വന്നു കുറച്ചു നിന്നിട്ട് തിരികെ പോകുന്നവരാണ് .പരിപാടികളുടെ നിലവാരവും മോശമായിരുന്നു .അതൊന്നും പക്ഷേ ഞങ്ങൾ കാര്യമാക്കിയതേയില്ല .
        വെറുതെ വർത്തമാനം പറഞ്ഞിരിക്കാൻ സമയം കിട്ടി എന്നതായിരുന്നു മറ്റൊരു വലിയ കാര്യം .ഏതു ചെറിയ കാര്യവും  വലിയ പ്രശ്ന മാക്കി   മാറ്റി സംസാരിച്ച് ടെൻഷൻ വർദ്ധിപ്പിക്കുക യാണല്ലോ നമ്മൾ ചെയ്തു കൊണ്ടിരിക്കുന്നത് .അതിൽ നിന്നുള്ള മാറ്റം ആഹ്ലാദ കരമായിരുന്നു .
   ആകാശവാണി പാരിപാടികൾ കേട്ടിട്ട്  എത്രയോ നാളുകളായി .ലളിത ഗാനവും ചലച്ചിത്ര ഗാനവും ശാസ്ത്രീയ സംഗീതവുമായി കഴിഞ്ഞ ദിവസങ്ങൾ തിരിച്ചു വന്നത് മറ്റൊരു അനുഗ്രഹം
    മറ്റേതൊരു  നല്ല കാര്യവും  പോലെ ഈ ഒഴിവു കാലവും അവസാനിക്കാതെ വയ്യല്ലോ .വീണ്ടും നഗര വാരിധിയിലേക്ക് ..
       
        

2015 മാർച്ച് 31, ചൊവ്വാഴ്ച

കക്കാ കുന്നിലെ ഗാനോത്സവം
'ഇനി വരുന്നൊരു തലമുറക്ക് ഇവിടെ വാസം സാദ്ധ്യമോ ..'സാദ്ധ്യമാണ് .കാരണം പുഴകളും കാടുകളും മലകളും മനുഷ്യരും ഇവിടെ ഉണ്ടാവും എന്നതു തന്നെ .നാം എത്തി ചേരുമെന്നു പ്രതീക്ഷിക്കുന്ന ആദർശ  സമൂഹത്തെ ക്കുറിച്ച് തത്വ ചിന്തകനും മനശാസ്ത്രഞ്ജനുമായ എറിക് ഫ്രോം പറഞ്ഞത് ഞാൻ മുമ്പൊരിക്കൽ എഴുതിയി രു ന്നു .:അയൽക്കാരൻ ആഹ്ലാദകരമായ ഒരു സാനിദ്ധ്യമായി ഓരോരുത്തരും കരുതുന്ന അവസ്ഥ .ഇഞ്ചകാട് ബാലചന്ദ്രനേയും അദ്ദേഹത്തിന്റെ സുഹൃത്തുക്കളെയും പരിചയപ്പെട്ടപ്പോൾ എനിക്കൊരു കാര്യം ബോദ്ധ്യമായി തന്നെക്കാൾ തന്റെ സഹജീവിയെ പരിഗണിക്കുന്ന കുറ ച്ചു പേരെങ്കിലും നമുക്കിടയിൽ ജീവിക്കുന്നുണ്ടെന്ന്.അങ്ങിനെയുള്ള മനുഷ്യർ ഉള്ളതു കൊണ്ടു തന്നെയാണു പ്രകൃതിയും മനുഷ്യനും അവശേഷിക്കും എന്നുറ ച്ചു വിശ്വസിക്കാൻ നമുക്ക് കഴിയുന്നതും.ഇവരുടെ   എളിയ പരിശ്രമങ്ങളാണ് വലിയ വിപ്ലവങ്ങൾ ക്കും പുത്യൊരു സമൂഹ സൃഷ്ടിക്കും കാരണമാവുന്നത് .അത്തരം ഒരു ശ്രമത്തിന്റെ തുടക്കം കുറിക്കലായിരുന്നു ഞായറാഴ്ച (29-3) കക്കാ കുന്നിലെ ഗ്രാമ ദേവതയുടെ സന്നിധിയിൽ നടന്നത് .ഒരു നാട് മുഴുവൻ പങ്കെടുത്ത ആ ഉത്സവത്തിന്റെ ഭാഗമാവാൻ കഴിഞ്ഞതിൽ ഞാൻ ആഹ്ലാദിക്കുന്നു .

2015 മാർച്ച് 28, ശനിയാഴ്‌ച

അപ്രിയമായ തീരെ ജനസമ്മ തിയില്ലാത്ത സത്യങ്ങൾ ആവുന്നത്ര ഉച്ചത്തിൽ വിളിച്ചു പറയാനുള്ള ധൈര്യവും സന്നദ്ധതയുമാണ്‌ കെ എം റോയി എന്ന പത്രപ്രവർത്തകന്റെ പ്രത്യേകത .പഞ്ചാബ് മോഡൽ പ്രസംഗത്തിന്റെ പേരിൽ രണദിവെ വരെയുള്ളവർ ആർ ബാലകൃഷ്ണ പിള്ളയെ വേട്ടയാടിയപ്പോൾ പിള്ള പറഞ്ഞതാണ് ശരിയെന്നു തന്റെ പ്രതി വാര കോളത്തിലൂടെ പ്രഖ്യാപിച്ചു റോയി ചേട്ടൻ .അഭയ സംഭവം 'അഭയ ആത്മഹത്യ ചെയ്തതല്ല "എന്ന തലക്കെട്ടിൽ റിപ്പോർട്ട് ചെയ്തത് അദ്ദേഹം പ്രധാന പത്രാധിപരായിരുന്ന മംഗളം മാത്രമാണ് .കോളിളക്കമുണ്ടാക്കിയ പലവിഷയങ്ങളേ ക്കുറിച്ചും അദ്ദേഹം ഇങ്ങിനെ സ്വന്തം അഭിപ്രായം തുറ ന്നെഴുതിയിട്ടുണ്ട് .
     അദ്ദേഹം പത്രാധിപത്യം മതിയാക്കി കോളമിസ്റ്റ് മാത്രമായി കഴിയുന്ന കാലത്താണ്  ഞാനുമായി  പരിചയപ്പെടുന്നത് .ഒരു ഇളയ സഹോദരനോടെന്ന പോലെ എന്നോടു പെരുമാറി പോരുന്നു അദ്ദേഹം .
     കുറച്ചു കാലമായി അദ്ദേഹം ശയ്യാവലംബിയാണ് .സ്ട്രോക്ക് .സുഖം പ്രാപിച്ചു വരുന്നു .
 ഇത്തവണത്തെ എം കെ സാനു ഫൌണ്ടേഷൻ അവാർഡ് അദ്ദേഹത്തിനു സമ്മാനിച്ചു ഇന്ന് .ചങ്ങമ്പുഴ പാർക്കിൽ വെച്ചു നടന്ന ചടങ്ങിൽ ഞാനും സംബന്ധിച്ചിരുന്നു .എ കെ ആന്റണി ,ടി വി ആർ ഷേണായി തോമസ് മാത്യു തുടങ്ങി ഒട്ടേറെ പ്രമുഖ വ്യക്തികൾ ചടങ്ങിൽ പങ്കെടുത്തു  .അവരിൽ  പലരും റോയി ചേട്ടന്റെ സഹപാഠികളാണ്  മഹാരാജാസിൽ .സാനു മാസ്റ്റരുടെ ശിഷ്യരും .റോയി ചേട്ടൻ ഇരുന്നു കൊണ്ടാണു സമ്മാനവും പൊന്നാടയുമൊക്കെ സ്വീകരിച്ചത് .തലയുയർത്തി പിടിച്ച് അഹങ്കാരലേശമില്ലാത്ത ആത്മ ബോധം സ്ഫുരിക്കുന്ന മുഖവുമായി അദ്ദേഹം പാര്ക്കിലെ സദസ്സുകളിൽ നില്ക്കുന്നത് ഞാനോർത്തു പോയി .ആരൂപത്തിൽ അദ്ദേഹത്തെ വീണ്ടും കാണാൻ കഴിയുമെന്ന് എന്റെ മനസു പറയുന്നു  .  

2015 മാർച്ച് 24, ചൊവ്വാഴ്ച

ഒരു മീന ഭരണി കൂടി
----------------------------
'മഞ്ജു ഭാഷിണി മണിയറ വീണയിൽ -------'കൊടുങ്ങല്ലൂരമ്മ എന്നു കേൾക്കുമ്പോൾ എന്റെ മനസ്സിൽ രണ്ടാമതായി ഓടിയെത്തുന്ന ഗാനമാണിത് .സിനിമാ കാണുന്നതിനു മുമ്പു തന്നെ ആ ഗാന രംഗം സങ്കല്പിക്കാൻ എനിക്കു കഴിയുമായിരുന്നു .നാദസിരകളിൽ മോതിര കയ് വിരൽ ഓടിക്കുന്ന,  രാഗസദസ്സുകളിൽ രാജീവ നയന ങ്ങൾ വിടർത്തുന്ന തേജോ മയിയായിരുന്നു സൌമ്യയും ശാലീനയും ആയിരുന്നു അമ്മ ആദിയിൽ .പിന്നെങ്ങിനെ ഇപ്പോഴത്തെ രൗദ്ര തേജസ്വിനിയായി ?
       അതൊരു കഥയാണ് .ബുദ്ധ ഭിക്ഷുക്കളെ ഓ ടിക്കാൻ തെറി പ്പാട്ടു കെട്ടിയുണ്ടാക്കി യെന്നും മറ്റുമുള്ള കപടചരിത്രം ഞാൻ വിശ്വസിക്കുന്നില്ല .ബുദ്ധ മതക്കാർക്ക് എവിടെയാണ് അമ്മ ദൈവം ?ബുദ്ധ മതം ഉൾപ്പെടെ ഒരാര്യ മതവും ഇങ്ങോട്ടെത്തി നോക്കിയിട്ടില്ലാതിരുന്ന ആ കാലം സങ്കല്പിച്ചു നോക്കു .ലംബമായ വര്ഗ്ഗ വിഭജനം അക്കാലത്തുണ്ടായിരുന്നില്ല .മാനുഷരെല്ലാരും ഒന്നു  പോലെ ആയിരുന്നു .തൊഴിൽ അടിസ്ഥാനത്തിലുള്ള വിഭജനം ഉണ്ടായിരുന്നു പുലയിൽ എന്ന് വെച്ചാൽ വയലിൽ കൃഷി ചെയ്യുന്നവൻ ,പറകൊട്ടുകയും കുട്ടയും വട്ടിയും നെയ്യുകയും ചെയ്യുന്നവൻ അങ്ങിനെ അങ്ങിനെ വലിപ്പ ചെറുപ്പമില്ലാതെ അവരങ്ങിനെ ജീവിച്ചു പോന്നു .അവർ ഗ്രാമ ദേവതയായ അമ്മയുടെ മുമ്പിൽ ആടിപ്പാടി .അവര്ക്ക് കലയും ആരാധനയും രണ്ടായിരുന്നില്ല .എല്ലാവരും കലാകാരന്മാരും അതേസമയം അനുവാചകരുമായിരുന്നു .ഗ്രാമം അമ്മയുടെ തിരുവരങ്ങും .അപ്പോ ഴാണ് വടക്കുനിന്നു ഇരുമ്പിന്റെ ആയുധങ്ങളും കർമ്മ കാണ്ഡ ങ്ങളുടെ ദുർവ്യാഖ്യാനങ്ങളുമായി കുറച്ചു പേർ വന്നത് .അവർ ഇവിടെയു ള്ളവരെ കീഴടക്കി വസ്തു വകകൾ പിടിച്ചെടുത്ത് അധകൃതരാക്കി നാടുകടത്തി ആണ്ടിലൊരിക്കൽ അമ്മയെ വന്നു കാണാൻ സദയം അനുവദിച്ചു .
     ഏതു പ്രതിഷ്ടയും കണ്ണാടി പ്രതിഷ്ഠ യാണ് .ആരാധകന്റെ മുഖ ച്ഛായ യാണ്  ദേവതക്കും .കാലം അബോധത്തിലേക്ക് തള്ളി മാറ്റിയ അമർഷത്തിൽ തുള്ളി ഉറ ഞ്ഞ് അവർ വരുന്നു കൊല്ലം തോറും .അവരുടെ പ്രതിച്ഛായയിൽ രുദ്രയായ ദേവി കാത്തിരിക്കുന്നു അവരുടെ ആട്ടവും പാട്ടും കണ്ടും കേട്ടും  പ്രസാദി ക്കാൻ .ഒരു മീന ഭരണി മുതൽ അടുത്ത മീന ഭരണി വരെ.
    ഞാനും പോയിരുന്നു ഇക്കൊല്ലവും അമ്മയെ കാണാൻ

2015 മാർച്ച് 13, വെള്ളിയാഴ്‌ച

'മനസാ സ്മരാമി' വായിച്ചു .വാരികയിൽ വന്നിരുന്നപ്പോൾ പല ലക്കങ്ങളും വിട്ടു പോയിരുന്നു .പുസ്തകം  വായിക്കാൻ കഴിഞ്ഞത് ഇപ്പോഴാണ് .സത്യം പറയട്ടെ പുസ്തകം എന്നെ നിരാശ പ്പെടുത്തി .മന്ദ മാരുതനോടു അഴീക്കോട് താരതമ്യ പ്പെടുത്തിയ എസ് ഗുപ്ത ൻ നായരുടെ   ആ മനോഹര ഗദ്യ ശൈലി പോലും ഇതിലില്ല .
   ഒരു വ്യക്തിയുടെ ആന്തരിക ജീവിതത്തിന്റെ ആത്മാർഥമായ സ്വഗതാഖ്യാനമാണ് ആത്മകഥ ;അല്ലാതെ ആ വ്യക്തി കണ്ടതിന്റെയും കേട്ടതിന്റെയും വിവരണങ്ങളല്ല.സി .കേശവന്റേയും മന്നത്തിന്റേയും ഇ എം എസി ന്റെയും കേശവ ദേവിന്റേയും ചെറു കാടിന്റേയും മാധവിക്കുട്ടിയുടേയും ആത്മകഥകൾ മലയാളത്തിലെ വിശിഷ്ട കൃതികൾ ആവുന്നത്  അവ ആന്തരിക ജീവിതത്തിന്റെ സ്വഗതാഖ്യാനങ്ങൾ  ആയതു കൊണ്ടാണ്.നിര്ഭാഗ്യ വശാൽ ഗുപ്തൻ നായരുടെ ആത്മ കഥ ആ ഗണത്തിൽ പെടുന്നില്ല .അത് സംഭവ വിവരണ പരമ്പര മാത്രമാണ് .
   കെ പി അപ്പൻ സ്കൂൾ വിദ്യാർഥിയും നരേന്ദ്ര പ്രസാദ് കൈക്കുഞ്ഞും ആയിരുന്ന കാലത്ത് -1948 ഇൽ വേസ്റ്റ് ലാന്ടിനെകുറിച്ച് മലയാളത്തിൽ ലേഖനമെഴുതിയ ,ക്രാന്ത ദർശിക ളു ടേയും ആധുനിക സാഹിത്യത്തിന്റേയും മറ്റും കർത്താവായ മലയാള സാഹിത്യ വിമർശകനോട് എനിക്ക് അളവറ്റ ബഹുമാനമുണ്ട് .എന്ന് വെച് മനസാ സ്മരാമി ഇഷ്ട പെട്ടില്ല എന്ന സത്യം മറച്ചു വെക്കേണ്ടതില്ലല്ലോ

2015 മാർച്ച് 11, ബുധനാഴ്‌ച

വാസ്തവത്തിൽ ആറ് ആസ്തിക ദർശനങ്ങളിൽ ഒന്ന് മാത്രമാണ് വേദാന്തം .അദ്വൈതം അതിന്റെ ഉപവിഭാഗങ്ങളിൽ ഒന്നും.ശങ്കരാചര്യർ, കൃത്യമായി പറഞ്ഞാൽ അദ്ദേഹത്തിന്റെ പ്രസ്ഥാന ത്രയ ഭാഷ്യം ആണ് അദ്വൈതവേദാന്ത ദർശനത്തെ ഹിന്ദു മതത്തിന്റെ താത്വിക അടിത്തറയായി സ്ഥാപിച്ചത്  .ഫലമോ മറ്റു ദർശനങ്ങളെ ക്കുറിച്ചുള്ള ചർച്ചകളൊക്കെ സംസ്കൃത കോളേജുകളിൽ മാത്രമായി ഒതുങ്ങി .നാടായ നാടാകെ പ്രഭാഷണം നടത്തുന്ന സ്വാമിമാർ കൂടിയായപ്പോൾ സാംഖ്യവും യോഗവും ന്യായവും വൈശേഷികവും മീമാംസയും ജനം മറന്നു .ഈ ദർശങ്ങൾ ലോക ത്തിനു ഇന്ത്യ നല്കിയ വിലപ്പെട്ട സംഭാവനകളാണ് .മാത്രമല്ല ഏതെങ്കിലും ഒരു ദർശനം പൂർണ്ണമായി മനസ്സിലാകണമെങ്കിൽ മറ്റെല്ലാം സാമാന്യമായി പഠിച്ചിരിക്കണം .
   ഇത്രയും പറഞ്ഞത് ആമുഖമായാണ് .ഇന്ന്(10-3-2015) സംസ്കൃത കോളേജിലെ ന്യായ വിഭാഗത്തിന്റെ ഒരു സെമിനാർ ഉണ്ടായിരുന്നു .ഡോ സി രാജേന്ദ്രൻ ഉദ്ഘാടകൻ .'ന്യായവും മറ്റിന്ത്യൻ ദർശനങ്ങളും' എന്നവിഷയത്തെ ക്കുറിച്ച് പ്രബന്ധം അവതരിപ്പിക്കുന്നത്  ശ്രീ ശങ്കരാ സർവകലാശാലയിലെ ഫിലോസഫി വകുപ്പ് മേധാവി ഡോ രാജലെക്ഷ്മി നായർ.കാലിക്കറ്റിലെ സംസ്കൃത വകുപ്പ് തലവനായിരുന്ന രാജേന്ദ്രൻ മാഷെ എനിക്ക് നേരിയ പരിചയമുണ്ട് .അഗാധമായ പാണ്ഡിത്യവും പാണ്ഡി ത്യത്തിന്റെ   വിനയവുമുള്ള ശ്രേഷ്ടനായ അദ്ധ്യാപകൻ .അദ്ദേഹം ന്യായ ശാസ്ത്രത്തെ ക്കുറിച്ച് പറയുന്നത് അവസരമുണ്ടായിട്ടും കേൾക്കാതിരിക്കുന്നത് ഒരു നഷ്ടമാണെന്ന് തോന്നിയതു കൊണ്ട് ഞാൻ സെമിനാറിന് പോയി .
    പോകാതിരുന്നെങ്കിൽ അതൊരു നഷ്ടം തന്നെ ആയേനെ. ന്യായ ദർശനത്തെ ക്കുറിച്ച് പ്രത്യേകിച്ച് ന്യായവും വൈശേഷികവുമായും ന്യായവും പൂർവോത്തര മീമാംസകളുമായും ഉള്ള സാജത്യ വൈജാത്യങ്ങളെ ക്കുറിച്ച് സാമാന്യം വിശദമായിത്തന്നെ അദ്ദേഹം സംസാരിച്ചു .
   ദർശനങ്ങളെ താരതമ്യം ചെയ്തു കൊണ്ടുള്ള ഡോ രാജലെക്ഷ്മിയുടെ പ്രഭാഷണവും ചിന്തയിൽ വെളിച്ചം വീശുന്നതായിരുന്നു .ന്യായവാദികളുടെ ഈശ്വരനും അദ്വൈതികളുടെ പരമാത്മാവും എങ്ങിനെ വ്യത്യസ്തരായിരിക്കുന്നു എന്നും ശങ്കരന്റെ ബ്രഹ്മവും മാധ്യമിക ബൗദ്ധ ദാർശ നികനായ നാഗാര്ജ്ജുനൻ നിർവചിച്ച ശൂന്യവും എങ്ങിനെ പ്രത്യക്ഷത്തിൽ ഒന്നായി തോന്നുന്നു വെമ്കിലും വാസ്തവത്തിൽ വിരുദ്ധ ധ്രുവങ്ങളിൽ നില നില്ക്കുന്നുവെന്നും അവർ വിശദീകരിച്ചപ്പോൾ അവയൊക്കെ  ലളിത സത്യങ്ങളാണെന്നു തോന്നി .ശങ്കരനെ പ്രശ്ച്ച്ചന്ന ബുദ്ധൻ എന്ന് യാഥാ സ്ഥിതികർ വിളിച്ചിരുന്നതിന്റെ കാരണവും മനസ്സിലായി .
   ഇന്ത്യൻ ചിന്തയുമായി സമാനതകളുള്ള പടിഞ്ഞാറൻ ദർശനങ്ങളേയും പരാമർശിച്ചു ഡോ രാജലെക്ഷ്മി .എനിക്കത് പ്രയോജനപ്പെട്ടു .ഉത്തരാധുനികതയും ഘടനാവാദാനതര ചിന്തയും തലക്കു പിടിച്ചിരുന്ന കാലത്ത് ഞാൻ വാങ്ങി മനസ്സിലാക്കാതെ വായിച്ച ഒരു പുസ്തകമുണ്ട് ;'ദെരീദയുംഇന്ത്യൻ ദാർശനികരും' . .രാജേന്ദ്രൻ മാഷുമായി ഞാൻ ആ പുസ്തകത്തിൽ പറഞ്ഞിട്ടുള്ള കാര്യങ്ങളെ ക്കുരിച്ച്ചു സംസാരിച്ചു .ആ സംഭാഷണവും പ്രയോജന പ്രദമായിരുന്നു.അതു വീണ്ടും വായിക്കാനുള്ള ധൈര്യം കിട്ടി എനിക്ക് .