2016, ഓഗസ്റ്റ് 5, വെള്ളിയാഴ്‌ച

അന്യ സംസ്ഥാന തൊഴിലാളി
മാവേലിക്കരയിൽ   വീട്  പണിക്കിടയിൽ  പരിചയപ്പെടാനിടയായ  ഒരു  അന്യ സംസ്ഥാന തൊഴിലാളി പറഞ്ഞു താൻ ചമ്പാരൺ ജില്ലക്കാരനാണെന്ന് ..പരിചയമുള്ള സ്ഥലപ്പേർ കേട്ട് ഞാൻ മുഖമുയർത്തിയപ്പോൾ അയാൾ പ്രതികരിച്ചതിങ്ങനെ . അതെ സാബ് ആ ചമ്പാരൺ തന്നെ മഹാത്മജി  ഇന്ത്യയിൽ  ആദ്യമായി സമരം സംഘടിപ്പിച്ച സ്ഥലം .തുടർന്നയാൾ നീലം  കൃഷിക്കാരുടെ സമരത്തെക്കുറിച്ചുംഗാന്ധിജിയെ ക്കുറിച്ചും തന്റെ നാട്ടുകാരൻ  തന്നെയായ  രാജേന്ദ്രപ്രസാദിനെക്കുറിച്ചും ഒക്കെ വിശദമായി സംസാരിച്ചു .മോഹൻ ദാസ് കരംചന്ദ് ഗാന്ധിയെ ആദരവോടെ സ്മരിക്കുന്ന മറ്റൊരിന്ത്യൻ പൗരനെ വളരെക്കാലത്തിനു ശേഷം കണ്ടുമുട്ടിയതിൽ എനിക്ക് അനല്പമായ ആഹ്ലാദം തോന്നി .അതല്ല പറയാൻ വന്നത് .ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെ ക്കുറിച്ച് ശുദ്ധമായ ഹിന്ദിയിൽ മറ്റൊരാളെ പറഞ്ഞു മനസ്സിലാക്കാൻ കഴിയുന്ന ആൾ വിദ്യാ സമ്പന്നനായിരിക്കണം .പെരുമാറ്റത്തിലെ കുലീനതയും അത് തന്നെയാണ് സൂചിപ്പിക്കുന്നത് .
   എം എ പാസ്സായി കുറേക്കാലം സ്‌കൂൾ അദ്ധ്യാ പകനായി ജോലി നോക്കിയതിനുശേഷം കൂടുതൽ മെച്ചപ്പെട്ട വേതനത്തിനു വേണ്ടി കേരളത്തിലേക്കു കൂലിപ്പണിക്കു വന്ന ഒരു ബംഗാളി യുവാവിനെയും ഞാൻ ആയിടെ തന്നെ പരിചയപ്പെടാനിടയായി .തന്നെക്കുറിച്ചുള്ള വിവരങ്ങൾ അയാൾ സന്ദർഭവശാൽ വെളിപ്പെടുത്തിയതാണ് .അത് സത്യമാണെന്ന് അയാളുമായി അടുത്തിടപെട്ടപ്പോൾ എനിക്കു ബോദ്ധ്യമാവുകയും ചെയ്തു .
      പറഞ്ഞു വരുന്നതിതാണ് :നമ്മൾ മുദ്രകുത്തി മാറ്റി നിർത്തുന്ന ഇന്ത്യൻ പൗരന്മാരിൽ ചിലരെങ്കിലും വിദ്യാ സമ്പന്നരാണ് .മഹാഭൂരിപക്ഷം പേരും മാന്യമായി പെരുമാറുന്നവരുമാണ് .നമ്മളിൽ നിന്നും കൂടുതൽ സൗഹാർദ്ദ പൂർവമായ , സമന്മാരോടെന്ന പോലെയുള്ള സമീപനം അവർ അർഹിക്കുന്നു .
     
    

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ