2019, ജൂലൈ 7, ഞായറാഴ്‌ച

May7,2019
സമുദ്ര ശില
---------------------
ഒറ്റയിരിപ്പിനു വായിച്ചു തീർത്ത പുസ്തകങ്ങളിലൊന്നാണിത് .ഉറക്കം വായനയെ തടസ്സപ്പെടുത്തിയെങ്കിലോ എന്നു കരുതി രാത്രിയിലെ ഗുളികകൾ  ഏതാനും മണിക്കൂർ മാറ്റിവെച്ചു .പൈങ്കിളിക്കഥകളും ഡിറ്റക്റ്റീവ് നോവലുകളും മറ്റുമല്ലേ അങ്ങിനെ വായിക്കുന്നത് എന്നു ചോദിക്കുന്നവരോട് 'അല്ല ഞാൻ പല ക്ലാസിക്കുകളും ഒറ്റയരിപ്പിനു വായിച്ചു തീർത്തിട്ടുണ്ട് എന്നാണു പറയാനുള്ളത് ;അന്നാ കരിനീന,മാർത്താണ്ഡവർമ്മ ,ഭ്രാന്താലയം ,ചെമ്മീൻ ,സുന്ദരികളും സുന്ദരന്മാരും , നാലുകെട്ട് ,പ്ലേഗ് ,ട്രയൽ .....അങ്ങിനെ പലതും .ധർമ്മരാജായും,കയറും ,തെരുവിന്റെകഥയും ,അരനാഴിക നേരവും താളവും  കുറ്റവും ശിക്ഷയുമെല്ലാം സമയമെടുത്താണ് വായിച്ചത് .അതിന്റെ പേരിൽ ഇതിൽ ഒരു വിഭാഗത്തിൽ പെട്ട കൃതികൾ മറ്റുവിഭാഗത്തിൽ പെട്ട കൃതികളെക്കാൾ മഹത്തരങ്ങളെന്നു പറയാൻ കഴിയുകയില്ലല്ലോ ..സമുദ്രശിലയെക്കുറിച് ഗൗരവപൂർവ്വമായ ഒരു രണ്ടാം വായനയ്ക്കു ശേഷം അഭിപ്രായം പറയുന്നതായിരിക്കും ഉചിതമെന്നു ഞാൻ വിചാരിക്കുന്നു, യഥാർത്ഥ വ്യക്തികളും സാങ്കല്പിക കഥാപാത്രങ്ങളും വാസ്തവത്തിൽ സംഭവിച്ചവയും ഭാവനാസൃഷ്ടമായവയും  ഭ്രമകല്പനകളും എല്ലാം കൂടിക്കലർന്നു സങ്കീർണമായിത്തീർന്ന രൂപശില്പം വിശദമായ പഠനം ആവശ്യപ്പെടുന്നതു കൊണ്ട്
      ഒരുകാര്യം മാത്രം ഇപ്പോൾ പറയട്ടെ :സ്വന്തം മകന്റെ ഭാര്യയായിത്തീരേണ്ടിവന്ന ഈഡിപ്പസ്സിലെ ജാക്കോസ്റ്റയുടെ ഭാവം കൈക്കൊള്ളുന്നുണ്ട് സമുദ്രശിലയിലെ മുഖ്യകഥാപാത്രം .ഈഡിപ്പസ് നാടകം ശ്രദ്ധിച്ചു വായിച്ചാലറിയാം ജാക്കോസ്റ്റ സത്യം ഈഡിപ്പസ് അറിയുന്നതിന് മുമ്പ് തന്നെ മനസ്സിലാക്കുന്നുണ്ട് ;പക്ഷെ ആ സത്യം ഈഡിപ്പസ് അറിയരുതെന്ന് അവരാഗ്രഹിക്കുന്നു ,അന്വേഷണങ്ങളിൽ നിന്ന് ഈഡിപ്പസ്സിനെ പിന്തിരിപ്പിക്കാൻ അവർ ശ്രമിക്കുന്നു .ആ ശ്രമം പരാജയപ്പെടുമ്പോഴാണ് സത്യം അറിയുന്ന നിമിഷത്തിലല്ല അവർ ആത്മഹത്യ ചെയ്യുന്നത് .ചുരുക്കിപ്പറഞ്ഞാൽ ഈഡിപ്പസ് തുടർന്ന് ജീവിക്കണമെന്ന് അവർ ആഗ്രഹിച്ചു .അതിനുവേണ്ടി സ്വന്തം മകന്റെ ഭാര്യയായി തുടരാൻ അവർക്കു വിസ്സമ്മതം ഉണ്ടായിരുന്നില്ല .എന്തായാലും ജക്കോസ്റ്റയെ ഈ നിലയിൽ ഉൾക്കൊള്ളാൻ മലയാളി മനസ്സ് തയാറായിരുന്നില്ല ഇതുവരെ.എന്നാൽ ഈ യഥാർത്ഥ ജാക്കോസ്റ്റയുടെ ഭാവത്തിലേക്കാണ് സുഭാഷ്‌ചന്ദ്രന്റെ കഥാപാത്രം എത്തിച്ചേരുന്നത് ,ആസ്വാദനത്തിലെ കാപട്യങ്ങളെ വെല്ലുവിളിച്ചുകൊണ്ട് .അഭിനന്ദനങ്ങൾ സുഭാഷ് സർഗ്ഗശക്തിയുടെ അനിവാര്യമായ ധീരതക്ക്



















അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ